ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിവിരുന്നിൽ 'കോർഡേലിയ ഇംപ്രസ' കപ്പൽ ഉടമയെ ചോദ്യം ചെയ്യും
text_fieldsമുംബൈ: നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ അടക്കം അറസ്റ്റിലായ ആഡംബര കപ്പലിലെ ലഹരിവിരുന്നിൽ 'കോർഡേലിയ ഇംപ്രസ' കപ്പൽ ഉടമയെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ചോദ്യം ചെയ്യും. കപ്പലിൽ ലഹരി മരുന്ന് എത്തിച്ചത് സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഉടമയെ ചോദ്യം ചെയ്യാൻ എൻ.സി.ബി തീരുമാനിച്ചതെന്നാണ് വിവരം.
അതേസമയം, 'കോർഡേലിയ ഇംപ്രസ' കപ്പലിൽ നിന്ന് മയക്കുമരുന്നുകൾ പിടിച്ചതിന് പിന്നാലെ തങ്ങൾക്ക് സംഭവുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കപ്പലിന്‍റെ നടത്തിപ്പുകാരായ വാട്ടർവെയ്സ് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വാർത്താകുറിപ്പ് ഇറക്കിയിരുന്നു. ഡൽഹി ആസ്ഥാനമായുള്ള ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി നടത്തുന്ന സ്വകാര്യ പരിപാടിക്ക് വേണ്ടിയാണ് കപ്പൽ ബുക്ക് ചെയ്തതെന്നാണ് വാട്ടർവെയ്സ് ലെഷർ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്‍റും സി.ഇ.ഒയുമായ ജർഗൻ ബെയ്‌ലോം വ്യക്തമാക്കിയത്.
'കോർഡേലിയ ഇംപ്രസ' കപ്പലിന് ലഹരിമരുന്ന് പാർട്ടിയുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല. തങ്ങളോടൊപ്പം യാത്ര ചെയ്യാൻ തെരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് ആരോഗ്യകരമായ വിനോദം നൽകുന്നതിൽ കോർഡേലിയ ക്രൂയിസ് അങ്ങേയറ്റം ശ്രദ്ധാലുവാണ്. ഈ സംഭവം വിപരീതവും കോർഡേലിയ കപ്പൽ പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തിൽ നിന്ന് വിഭിന്നവുമാണ്.
കോർഡേലിയ കപ്പലിലെ സംഭവത്തെ അപലപിക്കുകയും ഭാവിയിൽ സമാനമായ സംഭവങ്ങൾക്കായി തങ്ങളുടെ കപ്പലിനെ അനുവദിക്കുന്നതിൽ നിന്ന് കർശനമായി വിട്ടുനിൽക്കുകയും ചെയ്യും. നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണത്തിന് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ജർഗൻ ബെയ്‌ലോം വ്യക്തമാക്കി.
മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ആര്യൻ ഖാൻ അടക്കം 16 പേരെയാണ് ഇതുവരെ അറസ്റ്റിലായത്. കേസിൽ ഇന്നലെ ഡൽഹി ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി ജീവനക്കാരായ നാലുപേർ അടക്കം ഏഴുപേർ കൂടി പിടിയിലായിട്ടുണ്ട്.
ആര്യന്‍റെ സുഹൃത്ത് അർബാസ് മർച്ചന്റ്, മൂൺമുൺ ധമേച്ച, നൂപുർ സതീജ, ഇഷ്മീത് ഛദ്ദ, മോഹക് ജയ്സ്വാൾ, ഗോമിത് ചോപ്ര, വിക്രാന്ത് ചൊക്കർ അടക്കമുള്ളവരാണ് ഇതുവരെ അറസ്റ്റിലായത്. അർബാസ്, മൂൺമുൺ ധമേച്ച എന്നിവരിൽ നിന്ന് അഞ്ചും ആറും ഗ്രാം വീതം ചരസ് പിടിച്ചതായാണ് എൻ.സി.ബി അവകാശപ്പെട്ടത്.
മലയാളിയായ ശ്രേയസ് നായർ (23) കൂടാതെ അബ്ദുൽ ഖദീർ ശൈഖ് (30), മനീഷ് രാജ്ഗരിയ (26), അവിൻ സാഹു (30) എന്നിവരെ ചൊവ്വാഴ്ച മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഈ മാസം 11 വരെ കസ്റ്റഡിയിൽ വിട്ടു. ആര്യൻ ഖാനെയും (23) മറ്റുള്ളവരേയും തിങ്കളാഴ്ച തന്നെ കസ്റ്റഡിയിൽ വിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.