മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്തത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രീം കോടതി. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായായിരുന്നു സ്ത്രീകൾ ഹരജി സമർപ്പിച്ചത്. പൊതുസമൂഹം തങ്ങളെ തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹരജിക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
കാലപം ആരംഭിച്ച ശേഷം പ്രചരിക്കപ്പെട്ട വീഡിയോ മാത്രമല്ല സ്ത്രീകൾക്കെതിരെ നടന്ന അക്രമത്തിൽപ്പെടുന്നതെന്നും സമാന രീതിയിലുള്ള നിരവധി സംഭവങ്ങൾ നടന്നതായി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ടിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മെയ് 3 മുതൽ സ്ത്രീകൾക്കെതിരായ അക്രമങ്ങളെ കുറിച്ച് എത്ര എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് ചോദിച്ചു.
സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാൻ ആഗ്രഹിക്കുന്നില്ല. അക്രമം നടത്തിയവരുമായി പൊലീസ് സഹകരിക്കുന്നുവെന്ന് വ്യക്തമാണെന്നും സിബൽ കോടതിയെ അറിയിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിഷയത്തെ കൈകാര്യം ചെയ്യാൻ വിശാല സംവിധാനം ആവശ്യമാണെന്ന ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്ത സംഭവത്തിന്‍റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐ നിലവിൽ ഔദ്യോഗികമായി കേസ് ഏറ്റെടുക്കുകയും എഫ്.ഐ.ആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ ഏഴുപേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.