ട്വിറ്ററിനോടും ഐ.ടി മന്ത്രാലയ ഉദ്യോഗസ്ഥരോടും പാർലമെൻററി സമിതി ഇന്ന് വിശദീകരണം തേടും
text_fieldsന്യൂഡൽഹി: ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാർ നിയമക്കുരുക്ക് മുറുക്കിയതിന് പിന്നാലെ ട്വിറ്റർ ഇന്ത്യ പ്രതിനിധികളും വിവരസാങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വെള്ളിയാഴ്ച പാർലമെൻററി പാനലിന് മുന്നിൽ ഹാജരാകും. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഓൺലൈൻ ന്യൂസ് മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനുമുള്ള വിഷയങ്ങൾ പരിശോധിക്കാനാണ് ഇവരെ വിളിപ്പിച്ചത്.
കോൺഗ്രസ് എം.പി ശശി തരൂറിൻെറ നേതൃത്വത്തിലുള്ള ഐ.ടി പാർലമെൻററി സ്ഥിരംസമിതി ഈ വിഷയത്തിൽ അവരുടെ വിശദീകരണങ്ങൾ കേൾക്കും. ഇതിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ സ്ത്രീ സുരക്ഷക്ക് പ്രത്യേക ഊന്നൽ നൽകും.
പുതിയ ഐ.ടി നിയമങ്ങളെക്കുറിച്ചുള്ള നിലപാട് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ മോദി സർക്കാറും ട്വിറ്ററും ഏറ്റുമുട്ടലിലാണ്. ഇതിന് പിന്നാലെയാണ് ട്വിറ്ററിലെ ഉന്നത ജീവനക്കാരെ വിളിപ്പിക്കുന്നത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുസ്ലിം വയോധികനെ മർദിച്ച വിഡിയോയുമായി ബന്ധപ്പെട്ട് യു.പി പൊലീസ് കഴിഞ്ഞദിവസം ട്വിറ്ററിന് നോട്ടീസ് നൽകിയിട്ടുണ്ട്. സാമുദായിക വർഗീയതക്ക് േപ്രരിപ്പിച്ചുവെന്ന കേസിലാണ് ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
വിഡിയോ പ്രചരിച്ചതോടെ ട്വിറ്റർ ഇന്ത്യക്കെതിരെയും മാധ്യമപ്രവർത്തകർ, കോൺഗ്രസ് പ്രവർത്തകർ തുടങ്ങിയവർക്കെതിരെയും യു.പി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
േകന്ദ്രസർക്കാറിന്‍റെ ഓൺൈലൻ നയം തിരുത്തിയതിന് ശേഷം സമൂഹമാധ്യമ ഭീമനെതിരെ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്. ട്വിറ്റർ പുതിയ ഐ.ടി നയം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സർക്കാർ വ്യത്തങ്ങൾ അറിയിച്ചിരുന്നു.
വിവര സാങ്കേതികവിദ്യ നിയമ പ്രകാരം സമൂഹമാധ്യമങ്ങൾക്ക് ലഭിക്കുന്ന നിയമ പരിരക്ഷയിൽനിന്ന് ട്വിറ്ററിനെ സർക്കാർ പുറത്താക്കിയിരുന്നു. ഉപയോക്താക്കൾ പങ്കുവെക്കുന്ന കുറ്റകരമായ വിവരങ്ങൾക്ക് പ്രതിക്കൂട്ടിൽ കയറേണ്ടതില്ലെന്ന നിയമപരിരക്ഷ സമൂഹമാധ്യമങ്ങൾക്കുണ്ട്. ഈ പരിരക്ഷയാണ് ഇപ്പോൾ ട്വിറ്ററിന് നഷ്ടമായത്.
പലവട്ടം അവസരം നൽകിയിട്ടും ട്വിറ്റർ പാലിച്ചില്ലെന്ന് കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദും കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം 'കോൺഗ്രസ് ടൂൾകിറ്റ്' വിവാദത്തിൽ ട്വിറ്റർ മാനേജിങ് ഡയറക്ടറെ ഡൽഹി പൊലീസ് വിളിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.