വീട്ടമ്മയെയും വളർത്തുനായയെും കൊന്ന കേസിൽ ഏകസാക്ഷി തത്ത; പ്രതികൾക്ക് ജീവപര്യന്തം
text_fieldsവീട്ടമ്മയെയും വളർത്തുനായയേയും കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ ഏക സാക്ഷിയായി വീട്ടില വളർത്തിയ തത്ത. തത്ത പ്രതിയെ ചൂണ്ടിക്കാണിക്കുകയും തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു. പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ തന്നെ ലഭിച്ചു. ഉത്തർപ്രദേശ് ആഗ്രയിലെ ഒരു ദിനപത്രത്തിന്റെ എഡിറ്റർ വിജയ്
ശർമയുടെ ഭാര്യയായ നീലം ശർമയെയും അവരുടെ വളർത്തുനായയെയും കൊലപ്പെടുത്തിയ കേസിലാണ് തത്തയുടെ സാക്ഷ്യം നിർണായകമായത്. 2014 ഫെബ്രുവരി 20ന് നടന്ന കൊലക്കേസിൽ ഒമ്പതു വർഷങ്ങൾക്കു ശേഷമാണ് ശിക്ഷ വിധിക്കുന്നത്. വിജയ് ശർമയുടെ അനന്തരവനായ ആഷു ആണ് കൊലയാളി. സംഭവം നടക്കുമ്പോൾ വീട്ടില മറ്റുള്ള മനുഷ്യർ ഇല്ലാത്തതിനാൽ സാക്ഷികളായി ആരുമുണ്ടായിരുന്നില്ല. എന്നാൽ, സ്ഥിരം സന്ദർശകനായ അനന്തരവനെ നന്നായി അറിയാവുന്ന തത്ത അയാളുടെ പേര് തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നതാണ് കേസിൽ തുമ്പായി മാറിയത്.
തത്തയുടെ കരച്ചിൽ കേട്ട് സംശയം തോന്നിയ വിജയ് ശർമ അനന്തരവനെ ചോദ്യം ചെയ്യാൻ പൊലീസിനോട് അഭ്യർഥിച്ചു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ, സുഹൃത്ത് റോണി മാസിയുടെ സഹായത്തോടെയാണ് നീലത്തെ കൊലപ്പെടുത്തിയതെന്ന് ആഷു സമ്മതിച്ചു.
ആഷുവിന്റെ കുറ്റസമ്മത മൊഴിയുടെയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിൽ സ്‌പെഷ്യൽ ജഡ്ജി മുഹമ്മദ് റാഷിദ് ആണ് പ്രതികളായ ആഷുവിനും റോണിക്കും ജീവപര്യന്തം തടവും 72,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 2014 ഫെബ്രുവരി 20ന് മകൻ രാജേഷിനും മകൾ നിവേദിതക്കുമൊപ്പം ഫിറോസാബാദിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു വിജയ് ശർമ. ഈ സമയം, നീലം വീട്ടിൽ തനിച്ചായിരുന്നു. രാത്രി വൈകി തിരിച്ചെത്തിയ വിജയ് ശർമ കാണുന്നത് ഭാര്യയുടെയും വളർത്തു നായയുടേയും മൃതദേഹമാണ്. ഈ സമയമൊക്കെ വിജയ് ശർമയുടെ വളർത്തു തത്തയാകട്ടെ, തീറ്റയും കുടിയുമൊക്കെ നിർത്തി നിശബ്ദയായിരുന്നു. ഇതോടെ, കൊലപാതകത്തിന് തത്ത ദൃക്‌സാക്ഷിയായിട്ടുണ്ടാവുമെന്ന് ശർമ സംശയിച്ചു.
സംശയിച്ചവരുടെ പേരുകൾ ഓരോന്നായി തത്തയോട് പറഞ്ഞപ്പോൾ, ആഷുവിന്റെ പേര് കേട്ട് ഭയന്ന് "ആഷു-ആഷു" എന്ന് കരയാൻ തുടങ്ങി. തുടർന്ന് പൊലീസിന്റെ മുന്നിലും ആഷുവിന്റെ പേര് കേട്ടപ്പോൾ തത്ത ഇതേ പ്രതികരണം നടത്തി. ഇതോടെ അയാളെ പിടികൂടുകയായിരുന്നു. ആഷു വീട്ടിൽ സ്ഥിരമായി വന്നു പോകാറുണ്ടായിരുന്നെന്നും വർഷങ്ങളോളം താമസിച്ചിരുന്നതായും നീലം ശർമയുടെ മകൾ നിവേദിത ശർമ പറഞ്ഞു.
എം.ബി.എ പഠിക്കാൻ തന്റെ പിതാവ് ആഷുവിന് 80,000 രൂപയും നൽകിയിരുന്നു. വീട്ടിൽ ആഭരണങ്ങളും പണവും എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ആഷുവിന് നന്നായി അറിയാമായിരുന്നെന്നും തുടർന്ന് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നെന്നും നിവേദിത പറഞ്ഞു.
വളർത്തുനായയെ കത്തികൊണ്ട് ഒമ്പത് തവണയും നീലത്തെ 14 തവണയും കുത്തുകയായിരുന്നു. അതേസമയം, കേസിൽ ഉടനീളം പൊലീസ് തത്തയെ പരാമർശിച്ചെങ്കിലും തെളിവായി ഹാജരാക്കിയില്ല. എവിഡൻസ് ആക്ടിൽ അങ്ങനെയൊരു വ്യവസ്ഥയില്ല എന്നതായിരുന്നു കാരണം.
സംഭവം നടന്ന് ആറ് മാസത്തിന് ശേഷം തത്ത ചത്തതായും 2020 നവംബർ 14ന് കോവിഡ് സമയത്ത് പിതാവ് വിജയ് ശർമ മരിച്ചതായും മകൾ നിവേദിത പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.