അധികാരത്തിലിരിക്കുന്നവരാണ് പ്രതികാരം ചെയ്യുക -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അധികാരത്തിലിരിക്കുന്ന പാർട്ടിയാണ് സംഭാവനക്കാരോട് പ്രതികാരം ചെയ്യുകയെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനെ ഓർമിപ്പിച്ചു. സംഭാവനക്കാരെ കുറിച്ചുള്ള വിവരം ഭരണകക്ഷിക്ക് കിട്ടാൻ എളുപ്പമാണെന്നും അതാണ് പദ്ധതിയിലെ ഭയമെന്നും തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരായ കേസിൽ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സംഭാവനക്കാർ ഇരയാക്കപ്പെടുമെന്നത് കൊണ്ടാണ് അവരുടെ പേര് തെരഞ്ഞെടകുപ്പ് ബോണ്ട് പദ്ധതിയിൽ രഹസ്യമാക്കിയതെന്ന കേന്ദ്രത്തിന്റെ ന്യായം തള്ളിയാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ബി.ആർ ഗവായ് ഇക്കാര്യമുണർത്തിയത്.
തെരഞ്ഞെടുപ്പ് ഫണ്ടിലേറെയും പോകുന്നത് ഭരണകക്ഷിക്കാണ്. പ്രതിപക്ഷത്തേക്കല്ല. അതിനാൽ സോളിസിറ്റർ ജനറൽ അവതരിപ്പിച്ച കണക്ക് പ്രകാരം സംഭാവനക്കാർ ഇരയാക്കപ്പെടുമെന്നത് കൊണ്ടാണ് അവരുടെ പേര് വെളിപ്പെടുത്താത്തത് എന്ന ന്യായം യുക്തിസഹമല്ല. കാരണം അധികാരത്തിലിരിക്കുന്ന പാർട്ടിയാണ് പ്രതിപക്ഷത്തുള്ള പാർട്ടിയല്ല പ്രതികാര നടപടി എടുക്കുക.
തെരഞ്ഞെടുപ്പ് ബോണ്ടുകളുടേത് ചിലർക്ക് മാത്രം ബാധകമായ രഹസ്യസ്വഭാവമാണ്. വിശദാംശങ്ങൾ രഹസ്യസ്വഭാവമാക്കുന്നത് ചിലർക്ക് മാത്രമാണ്. സംഭാവനക്കാരെ കുറിച്ചുള്ള വിവരം ഭരണകക്ഷിക്ക് കിട്ടാൻ എളുപ്പമാണ്. അതാണ് ഭയവും. അത് മൂലം പ്രതിപക്ഷ പാർട്ടികൾക്ക് സംഭാവന ചെയ്യുന്നവരുടെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു. സംഭാവനക്കാരുടെ വിവരം ചിലർക്ക് മാത്രം പ്രാപ്യമാക്കുമ്പോൾ ഭരണകക്ഷിക്ക് ആരാണ് സംഭാവന കൊടുത്തുവെന്ന് പ്രതിപക്ഷത്തിനറിയാനാവില്ല.
എന്നാൽ പ്രതിപക്ഷത്തിന് സംഭാവന ചെയ്തവരെ ഭരണകക്ഷിക്കറിയാനാകുകയും ചെയ്യും. നന്നെ ചുരുങ്ങിയത് അന്വേഷണ ഏജൻസികൾക്ക് എങ്കിലും അറിയാനാകും. പ്രതിപക്ഷത്തിന് കിട്ടിയ സംഭാവന ചോദ്യം ചെയ്യാൻ അവസരമുള്ള പദ്ധതിയിൽ ഭരണകക്ഷിക്ക് കിട്ടുന്ന സംഭാവനയെ കുറിച്ച് ചോദ്യമുന്നയിക്കാൻ കഴിയാത്തത് എന്തുകൊണ്ട് എന്നതും ചോദ്യമാണ്. ഒരു തലം വരെയെങ്കിലും ആരെയെങ്കിലുമൊക്കെ നാം വിശ്വസിക്കണമെന്നായിരുന്നു എസ്.ജി അതിന് നൽകിയ മറുപടി. തെരഞ്ഞെടുപ്പ് കമീഷന് സംഭാവനക്കാരുടെ വിവരം നൽകിയാൽ ആ വിവരം ചോരുമെന്നും എസ്.ജി വാദിച്ചു.
ഒരു കമ്പനി വാങ്ങിയ തെരഞ്ഞെടുപ്പ് ബോണ്ടുകൾ എത്രയെന്ന് ഭരണകക്ഷിക്ക് അറിയില്ലേ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു എസ്.ജിയുടെ മറുപടി. എന്നാൽ ഈ നിഷേധം ചീഫ് ജസ്റ്റിസ് തള്ളി. ഭരണകക്ഷിക്ക് അതറിയുമെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ഒരു കമ്പനിയുടെ പണം ഏത് വഴിക്ക് പോയെന്ന് അതിന്റെ ബാലൻസ് ഷീറ്റ് നോക്കിയലറിയുമെന്ന് ഓർമിപ്പിച്ചു. അതിനാൽ തെരഞ്ഞെടുപ്പ് ബോണ്ടുകൾ രഹസ്യസ്വഭാവത്തിലാക്കുന്നത് സംഭാവനക്കാർക്കെതിരായ പ്രതികാരം ഭയന്നാണെന്ന് പറയേണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.