കർഷക മാർച്ച് ഫെബ്രുവരി 29 വരെ താൽക്കാലികമായി നിർത്തി വെച്ചു, ഇന്ന് മെഴുകുതിരി മാർച്ച്
text_fields
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ച് ഫെബ്രുവരി 29 വ്യാഴാഴ്ച വരെ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് നേതാക്കൾ അറിയിച്ചു. ബുധനാഴ്ച ഖനൗരിയിൽ നടന്ന സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചിരുന്നു. ബട്ടിൻഡ സ്വദേശി ശുഭ്‌കരൻ സിങ് (21)ആണ് മരിച്ചത്. തുടർന്നാണ് മാർച്ച് നിർത്തിവെക്കാൻ തീരുമാനിച്ചത്. തുടർ നടപടികൾ ഫെബ്രുവരി 29ന് തീരുമാനിക്കും. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ചയും (നോൺ പൊളിറ്റിക്കൽ) കിസാൻ മസ്ദൂർ മോർച്ചയും (കെ.എം.എം) വിവിധ പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കി. വ്യാഴാഴ്ച വരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പ്രതിഷേധ കേന്ദ്രങ്ങളായ ശംഭു, ഖനൗരി എന്നിവിടങ്ങളിൽ നിലയുറപ്പിക്കാൻ കർഷകർ തീരുമാനിച്ചു.
ശനിയാഴ്ച മെഴുകുതിരി മാർച്ചും ഞായറാഴ്ച കർഷക വിഷയങ്ങളിൽ സെമിനാറുകളും നടക്കും. കൂടാതെ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നിരവധി മീറ്റിങ്ങുകൾ തുടർന്നുള്ള ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഇതു വരെ അഞ്ചു കർഷകർ മാർച്ചിനിടെ മരിച്ചിട്ടുണ്ട്.
അതിനിടെ ചർച്ചകൾക്ക് കേന്ദ്ര സർക്കാർ മന്ത്രിമാരുടെ മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കുക, സ്വാമിനാഥൻ കമ്മിഷൻ ശിപാർശകൾ നടപ്പാക്കുക, കാർഷിക കടം എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് എന്നിവടക്കം സംസ്ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.