അനുഭവിച്ചത് ജനം; വിധിച്ചത് ഏഴാം വർഷം
text_fieldsന്യൂഡൽഹി: പിൻവലിക്കാനോ തിരുത്താനോ കഴിയാത്ത നോട്ട് നിരോധനത്തെക്കുറിച്ച് ആറു വർഷത്തിനു ശേഷം പുറത്തുവരുന്ന സുപ്രീംകോടതി വിധിക്ക് അക്കാദമിക ചർച്ചയുടെമാത്രം പ്രസക്തി. നോട്ട് നിരോധനം ജനത്തിന് സമ്മാനിച്ചത് ദുരിതം മാത്രമെന്ന കാര്യത്തിൽ ഇപ്പോഴും ബി.ജെ.പിക്കാരല്ലാത്ത പൊതുജനങ്ങൾക്ക് ഏകാഭിപ്രായം. ഏകകണ്ഠമല്ലാത്ത സുപ്രീംകോടതി വിധിയാകട്ടെ, സർക്കാറിന് തിരിച്ചടി.
അസാധുവാക്കിയ 500ന്റെയും 1,000ന്റെയും പഴയ കറൻസി നോട്ടുകൾ തിരിച്ചുകൊണ്ടുവരാൻ ഒരു കോടതി വിധിക്കും സാധിക്കുമായിരുന്നില്ല. ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തിയ സർക്കാർ തീരുമാനത്തിന്റെ ശരിതെറ്റുകളെക്കുറിച്ച് കോടതി എന്തു പറയുന്നു എന്നതായിരുന്നു പ്രധാനം. 58 ഹരജികൾ സമർപ്പിക്കപ്പെട്ട സുപ്രധാന വിഷയത്തിൽ അസാധാരണമായ കാലതാമസമാണ് സുപ്രീംകോടതിയിൽനിന്ന് ഉണ്ടായത്.
ധിറുതിപിടിച്ച് നോട്ടു നിരോധനം നടപ്പാക്കിയ രീതിയും ഏറെക്കാലത്തെ ജനദുരിതവുമാണ് 2016 നവംബർ എട്ടു മുതൽ വ്യാപക വിമർശനത്തിന് ഇടയാക്കിയത്. 86 ശതമാനത്തോളം കറൻസി നോട്ടുകൾ ഒറ്റയടിക്ക് അസാധുവാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്ത് നിരത്തിയ പല കാരണങ്ങളിലൊന്നുപോലും ലക്ഷ്യത്തിലെത്തിയതുമില്ല. കള്ളനോട്ട്, കള്ളപ്പണം, നികുതി വെട്ടിപ്പ്, ഭീകരതാ ധനസഹായം എന്നിവ തടയാനും ഡിജിറ്റൽ പണമിടപാട് കൂട്ടാനും കറൻസി നോട്ടുകളുടെ പ്രചാരം കുറച്ചു കൊണ്ടുവരാനുമാണ് 500, 1000 രൂപ നോട്ടുകൾ നിരോധിക്കുന്നതെന്നായിരുന്നു വിശദീകരണം. ഇൻറർനെറ്റ് ഉപയോഗം വർധിച്ചതിനൊത്ത് ഡിജിറ്റൽ ധനവിനിമയത്തിൽ സ്വാഭാവിക വർധനവ് ഉണ്ടായതല്ലാതെ മറ്റൊന്നും ലക്ഷ്യം കണ്ടില്ല.
കള്ളനോട്ട് നിർമാണം എളുപ്പമല്ലെന്ന വിശദീകരണത്തോടെയാണ് പുതിയ 500, 2000 നോട്ടുകൾ ഇറക്കിയതെങ്കിലും പിടിക്കപ്പെടുന്നതിൽ ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ രണ്ടായിരത്തിന്റേതാണ്. നിരോധിച്ച കറൻസി നോട്ടുകൾ മുഴുവൻ ബാങ്കുകളിൽ തിരിച്ചെത്തിയതോടെ കള്ളപ്പണം തടഞ്ഞുവെന്ന വാദം പൊളിഞ്ഞു. നോട്ട് നിരോധിച്ച 2016 നവംബർ എട്ടിന് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിയോളം കറൻസി നോട്ടുകൾ ഇന്ന് പ്രചാരത്തിലുമുണ്ട്. അസാധുവാക്കിയത് 17.74 ലക്ഷം കോടി രൂപയുടെ നോട്ടുകൾ. ഇപ്പോഴുള്ളത് 32.42 ലക്ഷം കോടി.
നോട്ടു നിരോധനം വിവേകപൂർവമായ നടപടിയായിരുന്നോ എന്ന കാര്യത്തിലേക്കും സുപ്രീംകോടതി കടന്നിട്ടില്ല. എന്നാൽ, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും അസംഘടിത മേഖലയുടെയും നട്ടെല്ലും ലക്ഷങ്ങളുടെ ജീവനോപാധിയുമാണ് നോട്ട് നിരോധനം തകർത്തു കളഞ്ഞതെന്ന് ചൂണ്ടിക്കാട്ടുന്ന നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. സാമ്പത്തിക രംഗത്ത് വളർച്ച മുരടിപ്പിനും വഴിവെച്ചു. നോട്ടു നിരോധനത്തിനു ശേഷം തുടർച്ചയായ എട്ട് ത്രൈമാസങ്ങളിലായി 8.1 ശതമാനത്തിൽനിന്ന് 3.7 ശതമാനത്തിലേക്ക് വളർച്ച കൂപ്പുകുത്തി.
നോട്ട് നിരോധിച്ച രാത്രി മുതൽ ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുന്നിൽ വരിനിൽക്കേണ്ടി വന്ന ജനങ്ങൾ രാജ്യവ്യാപകമായി നേരിട്ട പ്രയാസങ്ങൾ, നോട്ട് മാറ്റത്തിന് വിരലിൽ മഷി പുരട്ടിയതടക്കമുള്ള വൈചിത്ര്യങ്ങൾ എന്നിവയെല്ലാം പുറമെ. ഇതിനെല്ലാം നേരെ കണ്ണടക്കുന്നതാണ് സുപ്രീംകോടതിയുടെ ഭൂരിപക്ഷ വിധി.
കറൻസി വിനിമയം കുറഞ്ഞില്ല; ഇരട്ടിയായി
ന്യൂഡൽഹി: നോട്ടുനിരോധനത്തിന് ആറു വർഷം പിന്നിടുമ്പോഴും ജനത്തിന്റെ കൈവശമുള്ള കറൻസിയുടെ അളവ് ഏകദേശം ഇരട്ടിയായെന്ന് ഔദ്യോഗിക കണക്കുകൾ. കറൻസി വിനിമയം കുറക്കുമെന്നും പണരഹിത സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് നോട്ടുനിരോധനവേളയിൽ സർക്കാർ അവകാശപ്പെട്ടിരുന്നത്. നിലവിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനവും അന്ന് നിരോധിക്കുകയും ചെയ്തു.
റിസർവ് ബാങ്ക് കണക്കുകൾപ്രകാരം 2022 ഡിസംബർ 23 വരെ പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 32.42 ലക്ഷം കോടി രൂപയാണ്. 1000, 500 രൂപ നോട്ടുകൾ നിരോധിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് 2016 നവംബർ നാലിന് പ്രചാരത്തിലുണ്ടായിരുന്നത് 17.74 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു. നോട്ടുനിരോധനത്തിനുശേഷം പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം ഏകദേശം ഒമ്പതു ലക്ഷം കോടി രൂപയായി കുറഞ്ഞിരുന്നു.
എന്നാൽ, ഇത് പിന്നീട് വർധിച്ചെന്ന് കണക്കുകളിൽനിന്ന് വ്യക്തം. കള്ളപ്പണം തിരിച്ചുവരില്ല എന്നും കറൻസിയുടെ എണ്ണം കുറയുമെന്നും നോട്ടുനിരോധനസമയത്ത് സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, നിരോധിത കറൻസി തിരികെ നൽകാൻ പൊതുജനത്തിന് നൽകിയ സമയം അവസാനിച്ചപ്പോൾ പിൻവലിച്ച കറൻസി ഏതാണ്ട് മുഴുവനായിത്തന്നെ തിരികെവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.