മണിപ്പൂർ ജനത വേദനതിന്നു കഴിയുന്നു; വിദ്വേഷ മനസുകളെ ഒന്നിപ്പിക്കലാണ് പരിഹാരം -സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: പരസ്പരം വിദ്വേഷത്തിലുള്ള മനസുകളെ ഒന്നിപ്പിക്കലാണ് മണിപ്പൂരിലെ സംഘർഷത്തിനുള്ള പരിഹാരമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഒരു ജനതയൊന്നാകെ തെരുവിലാണെന്നും ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതി അതീവ ദയനീയമാണെന്നും സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
ഏറെ വേദന തിന്നു കൊണ്ടാണ് അവർ കഴിഞ്ഞു കൂടുന്നത്. ഉറ്റവരും ഉടയവരും ഇല്ലാതായ ആയിരങ്ങളാണ് ക്യാമ്പുകളിലുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു.
സാദിഖലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്
ഒരു ജനതയൊന്നാകെ തെരുവിലാണ്. മുസ്ലിംലീഗ് സംഘം കടന്നുചെല്ലുമ്പോൾ അവർ കണ്ണീരോടെയാണ് വരവേറ്റത്. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതി അതീവ ദയനീയമാണ്. ഏറെ വേദന തിന്നു കൊണ്ടാണ് അവർ കഴിഞ്ഞുകൂടുന്നത്. ഉറ്റവരും ഉടയവരും ഇല്ലാതായ ആയിരങ്ങളാണ് ക്യാമ്പുകളിലുള്ളത്. തിരിച്ചു പോയാലും അവർക്ക് ഒന്നും അവശേഷിക്കുന്നില്ല. എല്ലാം നഷ്ടമായിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ദയനീയമാണ്.
മണിപ്പൂർ ഗവർണർ അനുസൂയ യുക്കിയുമായും ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോനുമായും ഞങ്ങൾ കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂറോളമാണ് ബിഷപ്പുമായി സംസാരിച്ചത്. ക്രിസ്തീയ ആരാധനാലയങ്ങൾ അഗ്നിക്കിരയായ സംഭവവും ആയിരങ്ങൾ പലായനം ചെയ്യപ്പെട്ടതിന്റെ വേദനയും അദ്ദേഹം പങ്കുവെച്ചു. അങ്ങനെ ഒരുപാട് കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്തു. സമാധാനത്തിന് വേണ്ടി നമ്മുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അടിയന്തര ഇടപെടലും പരസ്പരം വിദ്വേഷത്തിലുള്ള മനസ്സുകളെ ഒന്നിപ്പിക്കലുമാണ് മണിപ്പൂരിലെ പരിഹാരം. മണിപ്പൂരിൽ എത്രയും പെട്ടെന്ന് സമാധാനമുണ്ടാകട്ടെ, അതിനായി നമുക്ക് പ്രാർഥിക്കാം -സാദിഖലി തങ്ങൾ വ്യക്തമാക്കി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗ് സംഘമാണ് മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്നത്. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരും ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമറും സംഘത്തിലുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച സംഘം അഭയാർഥികളുടെ ദുരിത ജീവിതം നേരിൽ കാണുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
കൂടാതെ, മണിപ്പൂർ ഗവർണർ അനുസൂയ യുക്കിയുമായും ഇംഫാൽ ആർച് ബിഷപ് ഡൊമിനിക് ലുമോനുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തി. സംഘം ഇന്ന് പ്രധാന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തും. ക്യാമ്പുകളിലെ പരിതാപകരമായ അവസ്ഥ അധികാരികൾക്കു മുന്നിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.