'വല്യേട്ടൻ' രാഷ്ട്രീയക്കാരുടെ ഫോൺ ചോർത്തുന്നു -മാർഗരറ്റ് ആൽവ
text_fieldsന്യൂ ഡൽഹി: കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് ആൽവ. 'വല്യേട്ടൻ' രാഷ്ട്രീയക്കാരുടെ ഫോണുകൾ ചോർത്തുകയാണെന്നും ബി.ജെ.പിയിലെ ചില സുഹൃത്തുക്കളുമായി സംസാരിച്ചശേഷം ഫോൺ വിളിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
''നവ ഇന്ത്യയിൽ വല്യേട്ടൻ നിരീക്ഷിക്കുന്നുവെന്നും കേൾക്കുന്നുവെന്നുമുള്ള ഭയം വിവിധ പാർട്ടിക്കാരായ നേതാക്കൾ തമ്മിലെ സംഭാഷണങ്ങളെ സ്വാധീനിക്കുകയാണ്. എം.പിമാരും രാഷ്ട്രീയ നേതാക്കളും ഒന്നിലേറെ ഫോണുകൾ ഉപയോഗിക്കുകയും നമ്പറുകൾ ഇടവിട്ട് മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുകയാണ്. ഭയം ജനാധിപത്യത്തെ കൊല്ലും'' -ആൽവ പറഞ്ഞു.
ചില ബി.ജെ.പി നേതാക്കളെ വിളിച്ചശേഷം ഫോൺ എടുക്കാനും വിളിക്കാനും കഴിയാതായതായും ഫോൺ ശരിയായി കിട്ടിയാൽ ബി.ജെ.പി, തൃണമൂൽ, ബി.ജെ.ഡി കക്ഷികളിലെ ഒരു എം.പിയെയും ഇനി വിളിക്കില്ലെന്ന് ഉറപ്പുനൽകുന്നതായും ആൽവ കഴിഞ്ഞ ദിവസം പൊതുമേഖല ടെലികോം കമ്പനികളായ ബി.എസ്.എൻ.എല്ലിനെയും എം.ടി.എൻ.എല്ലിനെയും അഭിസംബോധന ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.
പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആൽവക്കെതിരെ എൻ.ഡി.എ സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.