തട്ടിപ്പിന്റെ സൂത്രധാരൻ ചന്ദ്രബാബു നായിഡുവെന്ന് പൊലീസ്
text_fieldsഅമരാവതി: നൈപുണ്യ വികസന കോർപറേഷന്റെ കീഴിൽ മികവിന്റെ കേന്ദ്രങ്ങളുണ്ടാക്കാനുള്ള പദ്ധതിയിലൂടെ കടലാസുകമ്പനികളിലേക്ക് 300 കോടി രൂപ വകമാറ്റിയ സംഭവത്തിൽ, ദുരുപയോഗംചെയ്ത ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കൾ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ടി.ഡി.പിയുമാണെന്ന് പൊലീസ്. സി.ഐ.ഡി തലവൻ എൻ. സഞ്ജയ് ആണ് ഇക്കാര്യം പറഞ്ഞത്. പദ്ധതിയുടെ ആകെ ചെലവ് 3300 കോടിയായിരുന്നു. എന്നാൽ, സർക്കാറിന് 300 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി.
കടലാസുകമ്പനികളിലൂടെ സർക്കാർ ഫണ്ട് വകമാറ്റിയതിന്റെ പ്രധാന സൂത്രധാരനും ചന്ദ്രബാബു നായിഡുവായിരുന്നു. ഇദ്ദേഹത്തിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നത്. നായിഡുവിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും സി.ഐ.ഡി മേധാവി കൂട്ടിച്ചേർത്തു.
അഴിമതി പദ്ധതിയിൽ സ്വകാര്യ കമ്പനികൾ പണം ചെലവഴിക്കുന്നതിന് മുമ്പുതന്നെ സർക്കാർ 371 കോടി രൂപ മുൻകൂറായി അനുവദിച്ചു. ഈ പണം കടലാസുകമ്പനികളുടെ വ്യാജ ബില്ലിലൂടെയാണ് തട്ടിയെടുത്തത്. സിംഗപ്പൂരായിരുന്നു ചില കടലാസുകമ്പനികളുടെ ആസ്ഥാനം. നടപടിക്രമം പാലിക്കാതെ സർക്കാർ ഫണ്ടിന്റെ ഒരുഭാഗം മികവിന്റെ കേന്ദ്രങ്ങളുണ്ടാക്കാൻ വിനിയോഗിച്ചുവെങ്കിലും ബാക്കി തുക കടലാസുകമ്പനികളിലേക്ക് വകമാറ്റി പദ്ധതിയിൽ പണം മുൻകൂറായി അനുവദിക്കാനുള്ള തീരുമാനമെടുത്തത് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവായിരുന്നു. ഡിസൈൻ ടെക് സിസ്റ്റംസ് മാനേജിങ് ഡയറക്ടർ വികാസ് ഖൻവേൽകറിനെയും തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സി.ഐ.ഡി മേധാവി പറഞ്ഞു. പദ്ധതിയുടെ പ്രധാന ഫയലുകൾ കാണാതായെന്നും ചന്ദ്രബാബുവും മറ്റുള്ളവരുമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റം തെളിഞ്ഞാൽ ചന്ദ്രബാബു നായിഡുവിന് 10 വർഷത്തെ ശിക്ഷ ലഭിക്കും. ഈ തട്ടിപ്പിനെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ജി.എസ്.ടിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആന്ധ്രപ്രദേശ് ഫൈബർനെറ്റ്, അമരാവതി ഇന്നർ റിങ് റോഡ് പദ്ധതികളിലെ ക്രമക്കേട്, നൈപുണ്യ വികസന കോർപറേഷൻ അഴിമതി എന്നീ കേസുകളിൽ ചന്ദ്രബാബു നായിഡുവിന്റെ മകനും ടി.ഡി.പി ജനറൽ സെക്രട്ടറിയുമായ നാര ലോകേഷ്, സുഹൃത്ത് കിലരു രാജേഷ് എന്നിവരെ സി.ഐ.ഡി ചോദ്യംചെയ്യും.അറസ്റ്റിൽ പ്രതിഷേധിച്ച് ടി.ഡി.പി പ്രവർത്തകർ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും തെരുവിലിറങ്ങി. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ഇവർ ആരോപിച്ചു.
‘സത്യവും ധർമവും ജയിക്കും’
അമരാവതി: തെലുഗു ജനതയെ സേവിക്കുന്നതിൽനിന്ന് ഭൂമിയിലെ ഒരു ശക്തിക്കും തന്നെ തടയാനാവില്ലെന്ന് അറസ്റ്റിനെക്കുറിച്ച് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രതികരിച്ചു. അവസാനം സത്യവും ധർമവും ജയിക്കും. 45 വർഷമായി നിസ്വാർഥമായി തെലുഗ് ജനതയെ സേവിച്ചു.ജനതാൽപര്യത്തിനുവേണ്ടി തന്റെ ജീവിതംതന്നെ ത്യജിക്കാൻ തയാറാണ്. പാർട്ടി പ്രവർത്തകർ നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.