ഇന്ത്യയിലെ മുസ്‌ലിംകളുടെ രാഷ്ട്രീയബോധം പ്രശംസനീയമെന്ന് ഹറം ഇമാം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ ഐക്യവും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സംഘടിത രീതിയും എടുത്തുപറയേണ്ടതാണെന്ന് ഹറം ഇമാം ശൈഖ് ഡോ. അബ്ദുല്ല അബ്ദുറഹ്‌മാൻ അൽ ബുഅയ്ജാൻ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിനുള്ളിൽ ഇടപെടുന്ന വിശ്വാസി സമൂഹം എന്ന നിലയിൽ ബഹുസ്വര സമൂഹത്തിൽ ഇന്ത്യൻ മുസ്‌ലിംകൾ പുലർത്തുന്ന സൂക്ഷ്മതയും പരസ്പര മര്യാദകളും മാതൃകാപരമാണെന്നും അവ ഇനിയും കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഹറം ഇമാം അഡ്വ. ഹാരിസ് ബീരാൻ എം.പിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു. കേരളത്തിലടക്കം വിവിധ പൊതു പരിപാടികളിൽ ഇമാം പങ്കെടുക്കും.
രാജ്യത്തെ മത സൗഹാർദ്ദവും ഐക്യവും വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങൾക്കിടയിലുമുള്ള ബന്ധത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും ഹറം ഇമാമിന്റെ സന്ദർശനം കാരണമാവുമെന്ന് അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു.
ഡൽഹി രാം ലീല മൈതാനിയിൽ നടന്ന അഹ്‌ലെ ഹദീസ് ദേശീയ സമ്മേളനം, ചൊവ്വാഴ്ച കോഴിക്കോട് ബീച്ചിൽ നടക്കുന്ന കെ.എൻ.എം സമാധാന സമ്മേളനം എന്നിവയിൽ ഇമാം പങ്കെടുക്കും. വൈകിട്ട് കോഴിക്കോട് ബീച്ചിൽ നടക്കുന്ന മഗ്‌രിബ് നമസ്കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകും.
സാദിഖ് അലി ശിഹാബ് തങ്ങളുമായും കൂടിക്കാഴ്ച നടത്തും. ഡൽഹി കെ.എം.സി.സി ജന സെക്രട്ടറി മുഹമ്മദ് ഹലിം, കെ.എൻ.എം സംസ്ഥാന സെക്രട്ടറി എ.ഐ അബ്ദുൽ മജീദ് സ്വലാഹി തുടങ്ങിയവരും കൂടിക്കാഴ്ചയിൽ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.