പ്രതിപക്ഷത്തിനുനേരെ കൈയൂക്കിന്റെ രാഷ്ട്രീയം
text_fieldsലഖ്നോ: പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ജനബാഹുല്യമേറിയതോടെ പ്രതിപക്ഷത്തിന് മേൽക്കൈയുള്ള ബൂത്തുകളിൽ വോട്ടിങ് ശതമാനം കുറക്കാൻ വോട്ടു തടയലും വൈകിപ്പിക്കലും വ്യാപകമായി. ശ്രദ്ധേയമായ മത്സരം നടക്കുന്ന ലോക്സഭ മണ്ഡലങ്ങളിൽപോലും പ്രതിപക്ഷ വോട്ടുകൾ പോൾചെയ്യുന്നത് തടയുന്നതായി വ്യാപകമായ പരാതികളുയർന്നു. രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ അദ്ദേഹം ക്യാമ്പ് ചെയ്തിട്ടും മുന്നണി പ്രവർത്തകരെ വോട്ടു സ്ലിപ്പുകൾ നൽകാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. അഖിലേഷിന്റെയും രാഹുൽ ഗാന്ധിയുടെയും റാലികൾ ജനബാഹുല്യത്താൽ നിയന്ത്രണം വിടുകയും രാജ്യതലസ്ഥാനമായ ഡൽഹിയിൽ അമിത് ഷായുടെ റാലിയിലടക്കം ജനപങ്കാളിത്തമില്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രതിപക്ഷ ആവേശം ബൂത്തുകളിൽ പ്രതിഫലിക്കാതിരിക്കാനുള്ള ഉപായം പുറത്തെടുത്തിരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ സ്വാധീനമുള്ള പ്രദേശങ്ങളിൽ ബൂത്ത് ലെവൽ ഓഫിസർ(ബി.എൽ.ഒ)മാർ വോട്ടുസ്ലിപ്പുകൾ വിതരണം ചെയ്യാതിരുന്ന പരാതികൾ ഒന്നാം ഘട്ടം മുതൽക്കേയുണ്ടായിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഒന്നാംഘട്ട പോളിങ് തുടങ്ങിയത് മുതൽ മുസ്ലിം ഭൂരിപക്ഷ ബൂത്തുകളിലെ വോട്ടർമാരെ വോട്ടർ സ്ലിപ് നൽകാതെ ബി.എൽ.ഒമാർ കൂട്ടത്തോടെ ഒഴിവാക്കി. തങ്ങൾക്ക് വോട്ടില്ലെന്ന് കരുതി വലിയൊരു ശതമാനം വോട്ടർമാർ പോളിങ് ബൂത്തിലേക്ക് പോകാത്ത സാഹചര്യം ഇതുമൂലമുണ്ടായി. അതോടെ പലയിടങ്ങളിലും ജനങ്ങളും സന്നദ്ധസംഘങ്ങളും സ്വന്തം നിലക്ക് വോട്ടർ സ്ലിപ് വീടുകളിലെത്തിക്കുകയും പോളിങ് ബൂത്തിന് നിശ്ചിത ദൂരം അകലെ ബൂത്തുകൾ സ്ഥാപിച്ച് വോട്ടുസ്ലിപ് വിതരണവും നടത്തി.
യു.പിയിലെ ഓൻല ലോക്സഭ മണ്ഡലത്തിൽ സമാജ്വാദി പാർട്ടി സ്ഥാപിച്ച ബൂത്തിന് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി വോട്ടർമാർക്ക് പരിക്കേറ്റു. പ്രതിപക്ഷത്തിന് വീഴുന്ന വോട്ടുകൾ ഏതു വിധേനയും തടയുകയായിരുന്നു അധികൃതരുടെ ലക്ഷ്യമെന്ന് മേയ് ഏഴിന് നടന്ന തെരഞ്ഞെടുപ്പിൽ എസ്.പി ബൂത്തിൽ വോട്ടർ സ്ലിപ് വാങ്ങാനായി ചെന്നപ്പോൾ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ റഫീഖുസ്സമാ ‘മാധ്യമ’ത്തോടു പറഞ്ഞു. 98 ശതമാനവും മുസ്ലിംകളുള്ള ബൂത്തിൽ രാവിലെ ഒമ്പത് മണിക്ക് നടത്തിയ ലാത്തിച്ചാർജിനെ തുടർന്ന് ചകിതരായ വോട്ടർമാർ വിട്ടുനിന്നുവെന്ന് റഫീഖ് തുടർന്നു. പോളിങ് സ്റ്റേഷനിൽ നിന്ന് ഏറെ അകലത്തിൽ എസ്.പി പ്രവർത്തകർ ഒരുക്കിയ ബൂത്തിലെ മുഴുവനാളുകളെയും അടിച്ചോടിച്ചു. ഒടുവിൽ ഇൻഡ്യ സഖ്യത്തിന്റെ സ്ഥാനാർഥി നൗരജ മൗര്യ നാല് മണിക്കൂർ നേരം ആ ബൂത്തിൽ ക്യാമ്പ് ചെയ്തതുകൊണ്ടാണ് താൻ അടക്കമുള്ള ഗ്രാമവാസികൾക്ക് വോട്ടു ചെയ്യാനായതെന്ന് റഫീഖ് പറഞ്ഞു. അഅ്സം ഖാനെ ജയിലിലടച്ച ശേഷം ഒഴിവുവന്ന റാംപുർ ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടർമാരെ ഭയപ്പെടുത്തി കൂട്ടത്തോടെ ബൂത്തുകളിൽ നിന്ന് അകറ്റിയ തന്ത്രം ബി.ജെ.പി ഈ തെരഞ്ഞെടുപ്പിലും പുറത്തെടുത്തിരിക്കുകയാണെന്നും റഫീഖുസ്സമാൻ കുറ്റപ്പെടുത്തി. വോട്ടർമാർക്കിടയിൽ ഭീതി വിതച്ചത് മൂലം ന്യൂനപക്ഷ വോട്ടുകളിൽ 20 ശതമാനം വരെ കുറവുണ്ടായ പ്രദേശങ്ങളുണ്ട്.
പ്രധാനമന്ത്രിയെയും ഭരണകക്ഷിയെയും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കാൻ അനുവദിച്ചും വോട്ടർപട്ടികയിൽനിന്ന് വോട്ടർമാരെ വെട്ടിയും വോട്ടർമാരെ വോട്ടു ചെയ്യാൻ അനുവദിക്കാതെയും വോട്ടിങ് പ്രക്രിയ സാവകാശത്തിലാക്കിയും ചെയ്ത വോട്ടിന്റെ കണക്ക് വെളിപ്പെടുത്താതെയും വോട്ടുയന്ത്രം തട്ടിയെടുത്തുമെല്ലാം ജനാധിപത്യത്തെ പരാജയപ്പെടുത്താനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. കേന്ദ്രത്തിൽ സർക്കാർ മാറുന്നതോടെ ഇതിനുത്തരവാദികളായ മുഴുവനാളുകളെയും പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.