ഒരുക്കം പൂർണം; കരസേനദിന പരേഡ് ഇന്ന്
text_fieldsബംഗളൂരു: രാജ്യ തലസ്ഥാനത്തിനു പുറത്ത് ആദ്യമായി സംഘടിപ്പിക്കുന്ന കരസേന ദിന പരേഡ് ഞായറാഴ്ച ബംഗളൂരുവിൽ നടക്കും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കരസേന മേധാവിയായ കർണാടക സ്വദേശി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പയോടുള്ള ആദരസൂചകമായാണ് 75ാമത് കരസേന ദിന പരേഡ് ബംഗളൂരുവിൽ സംഘടിപ്പിക്കുന്നത്. കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ നേതൃത്വം നൽകുന്ന പരേഡിനുള്ള റിഹേഴ്സലും സുരക്ഷാക്രമീകരണങ്ങളുമടക്കം ഒരുക്കങ്ങൾ പൂർത്തിയായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബംഗളൂരു എം.ഇ.ജിയിൽ സൈനികാഭ്യാസ പ്രകടനങ്ങളുടെ റിഹേഴ്സൽ നടന്നുവരുകയായിരുന്നു.
മദ്രാസ് സാപ്പേഴ്സ് യുദ്ധസ്മാരകത്തിൽ ജനറൽ മനോജ് പാണ്ഡെ ആദരാഞ്ജലിയർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാവും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാവും. അശ്വാരൂഢ സേനയുൾപ്പെടെ എട്ടു സേനാവിഭാഗങ്ങൾ പരേഡിൽ പങ്കെടുക്കും.
പരേഡിന് കരസേന ഹെലികോപ്ടറുകളായ ധ്രുവും രുദ്രയും അകമ്പടിയേകും. അഞ്ചു റെജിമെന്റുകളുടെ മിലിറ്ററി ബാൻഡ് പ്രകടനവുമുണ്ടാകും. 2500ഓളം ക്ഷണിക്കപ്പെട്ട അതിഥികളും 8000ത്തിലേറെ പൊതുജനങ്ങളും പരേഡിന് സാക്ഷികളാവും. കരസേനയുടെ ആയുധപ്രദർശനത്തിൽ പിനാക റോക്കറ്റ്, ടി 90 ടാങ്കുകൾ, ബി.എം.പി 2 ഇൻഫൻട്രി ഫൈറ്റിങ് വെഹിക്കിൾ, 155 എം.എം ബൊഫോഴ്സ് തോക്ക്, സ്വാതി റഡാർ തുടങ്ങിയ പരേഡിൽ അണിനിരത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.