സംസ്കരിച്ച അരിക്ക് വില കുറയും
text_fieldsന്യൂഡൽഹി: സംസ്കരിച്ച അരിയുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ചുശതമാനമായി കുറച്ച് ജി.എസ്.ടി കൗൺസിൽ. ശനിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ജയ്സാല്മറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പോപ് കോണുകള്‍ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കാനും യോഗം തീരുമാനിച്ചു.
മസാല ചേര്‍ത്ത് പാക്ക് ചെയ്യാതെ വില്‍ക്കുന്ന പോപ് കോണിന് അഞ്ചു ശതമാനവും പാക്ക് ചെയ്തവക്ക് 12 ശതമാനവും നികുതി ഈടാക്കാനാണ് പുതിയ നിര്‍ദേശം. 50 ശതമാനത്തിൽ കൂടുതൽ ഫ്ലൈ ആഷ് അടങ്ങിയ സിമന്റ് ഇഷ്ടികൾക്കുമേലുള്ള നികുതി 18 ശതമാനത്തിൽനിന്ന് 12 ശതമാനമായി കുറയും. വൈദ്യുതി വാഹനങ്ങള്‍ ഉൾപ്പെടെ പഴയ വാഹനങ്ങളുടെ വില്പനക്ക് നികുതി വര്‍ധിപ്പിക്കാനും ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു.
നിലവിലുള്ള 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി വില്പന നികുതി വര്‍ധിപ്പിക്കാനാണ് ശനിയാഴ്ച ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. പഴയ വാഹനങ്ങള്‍ വാങ്ങി ലാഭമെടുത്തു വില്‍ക്കുന്ന സ്ഥാപനങ്ങളാണ് കൂട്ടിയ നികുതി നല്‍കേണ്ടി വരുക. വ്യക്തികള്‍ തമ്മിലുള്ള വാങ്ങലിനും വില്പനക്കും നിലവിലുള്ള 12 ശതമാനം തന്നെ തുടരും.
ഒരുശതമാനം പ്രകൃതി ദുരന്ത സെസ് ഈടാക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങളും സംവിധാനവും നിർണയിക്കാൻ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മന്ത്രിതല സമിതി രൂപവത്കരിക്കും. ആപ്പുകളിലൂടെയുള്ള ഭക്ഷണ വിൽപനക്ക് വിതരണത്തിന് ഈടാക്കുന്ന തുകയിലും ഭക്ഷണത്തിനും പ്രത്യേകം നികുതിയെന്ന ശിപാർശയിൽ തീരുമാനമായില്ല. ഇത് വീണ്ടും ചർച്ചക്കായി മാറ്റിവെച്ചു. അടുത്ത ജി.എസ്.ടി കൗൺസിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.