നിയമനരീതി അഴിമതിരഹിതമാക്കിയെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: റോസ്ഗാർ മേളയിൽ 71,000ത്തിലധികം പേർക്ക് നിയമന ഉത്തരവ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമന പ്രക്രിയയിൽ തന്റെ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഈ രംഗത്തെ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമുള്ള സാധ്യതയുടെ വഴിയടച്ചെന്ന് അദ്ദേഹം പറഞ്ഞു.
ജോലിക്ക് അപേക്ഷിക്കുന്നതുമുതൽ ഫലപ്രഖ്യാപനം വരെ ഓൺലൈനാണ്. 2018-19 മുതൽ ഇതുവരെ നാലരക്കോടി പേർക്ക് തൊഴിൽ ലഭിച്ചെന്നാണ് പ്രോവിഡന്റ് ഫണ്ടിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. രാജ്യത്തെ വ്യവസായ-നിക്ഷേപ രംഗങ്ങളിൽ ശുഭകരമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ വിമർശിച്ച് കോൺഗ്രസ്
ന്യൂഡൽഹി: യുവാക്കൾക്ക് തൊഴിലവസരം കുറഞ്ഞുവരുന്ന യാഥാർഥ്യം മറച്ചുവെച്ച് തൊഴിൽമേളയെന്ന പേരിൽ വിലകുറഞ്ഞ പ്രചാരണ പരിപാടി നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ്. രണ്ടു കോടി തൊഴിൽ പ്രതിവർഷം നൽകുമെന്ന് പറഞ്ഞ നരേന്ദ്ര മോദി ഒമ്പതു വർഷം കൊണ്ട് 18 കോടി യുവാക്കളുടെയെങ്കിലും സ്വപ്നങ്ങൾ ചവിട്ടി മെതിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഭരണരീതികൾ നശിപ്പിച്ചതിനു പുറമെ, സർക്കാറിന്‍റേതെല്ലാം വ്യക്തപരമായ മികവായി വിശേഷിപ്പിക്കുന്നത് മോദി പതിവാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. 71,000 പേരെ നിയമിക്കുമ്പോൾ, ഈ തൊഴിലെല്ലാം മോദി സൃഷ്ടിച്ചതാണെന്ന മട്ടിലാണ് പ്രചാരണം. ഉദ്യോഗം കിട്ടിയവർ മോദിയോട് ഭയഭക്തി തോന്നിപ്പിക്കാനാണ് ശ്രമം. നിയമനം കിട്ടിയവർക്ക് പ്രധാനമന്ത്രി സ്വന്തം നിലക്ക് ശമ്പളം കൊടുക്കുന്നുവെന്ന മട്ടിലാണ് അവകാശവാദമെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.