യോഗ നമ്മളെ ബോധവാന്മാരാക്കുന്നു, അവബോധത്തോടെ വളർത്തുന്നു -പ്രധാനമന്ത്രി
text_fieldsബംഗളൂരു: യോഗ വ്യക്തികൾക്ക് മാത്രമല്ല; ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എട്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ മൈസൂരു അംബാവിലാസ് കൊട്ടാര മൈതാനത്ത് നടന്ന മെഗാ യോഗ ചടങ്ങിൽ പങ്കാളിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ആത്മാവിൽനിന്നും ശരീരത്തിൽനിന്നുമാണ് പ്രപഞ്ചം ആരംഭിക്കുന്നത്. യോഗ നമ്മളെ ബോധവാന്മാരാക്കുന്നു. അവബോധത്തോടെ വളർത്തുന്നു. ലോകത്തിന്റെ പ്രശ്നപരിഹാരത്തിന് യോഗക്ക് സാധിക്കും. സമാധാനമുള്ള ലക്ഷക്കണക്കിന് പേർ ചേർന്ന് ലോകത്ത് സമാധാനം സൃഷ്ടിക്കും.
വ്യക്തികൾക്കു മാത്രമല്ല, സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും യോഗ സമാധാനം കൊണ്ടുവരുന്നു. മുമ്പ് വീടുകളിൽമാത്രമായിരുന്നു യോഗ നടത്തിയിരുന്നത്. ഇന്ന് അങ്ങനെയല്ല. യോഗ ജീവിതത്തിന്റെ ഭാഗംമാത്രമല്ല, അത് ജീവിതരീതിയാണെന്നും കോവിഡ് മഹാമാരിയെ മറികടക്കാൻ യോഗ സഹായകമായെന്നും മോദി പറഞ്ഞു.
'മനുഷ്യത്വത്തിനുവേണ്ടി യോഗ' എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ യോഗ ദിനാചരണം. ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തെ 75 കേന്ദ്രങ്ങളിൽ 75 കേന്ദ്ര മന്ത്രിമാർ ദിനാചരണത്തിൽ പങ്കെടുത്തു.
മൈസൂരുവിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ് സൊനോവാൾ, കർണാടക ഗവർണർ താവർചന്ദ് ഗഹ് ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മന്ത്രിമാർ തുടങ്ങി 15,000ത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.