തെരഞ്ഞെടുപ്പ് കമീഷനെ 'വിളിപ്പിച്ച്' പ്രധാനമന്ത്രിയുടെ ഓഫിസ്; വിവാദം
text_fieldsന്യൂഡൽഹി: സ്വതന്ത്ര ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനുമായി തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെക്കുറിച്ച് പ്രധാനമന്ത്രി കാര്യാലയം ചർച്ച നടത്തിയത് വിവാദത്തിൽ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുശീൽ ചന്ദ്ര, കമീഷണർമാരായ രാജീവ് കുമാർ, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരാണ് ഈയിടെ 'അനൗപചാരിക' ചർച്ച നടത്തിയത്.
വോട്ടർപട്ടികയും ആധാറുമായി ബന്ധിപ്പിക്കുന്നതടക്കം വിവിധ തെരഞ്ഞെടുപ്പു പരിഷ്കാരങ്ങൾക്ക് ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇതേക്കുറിച്ച് നവംബറിലാണ് കമീഷനുമായി വിഡിയോ കോൺഫറൻസ് നടത്തിയത്. പരിഷ്കാരങ്ങൾ സംബന്ധിച്ച ആശയവിനിമയം മെച്ചപ്പെട്ട നിലയിൽ നടക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.
മൂന്നു കമീഷണർമാരുമായി അനൗപചാരികമായൊരു കൂടിക്കാഴ്ച നടത്താമെന്ന നിർദേശം പ്രധാനമന്ത്രിയുടെ ഓഫിസാണ് ആദ്യം മുന്നോട്ടു വെച്ചത്. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്ന് നിയമമന്ത്രാലയം തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചു. അദ്ദേഹത്തിെൻറ അധ്യക്ഷതക്ക് കീഴിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ അടക്കമുള്ളവർ ഇരുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദാസന്മാരാക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.ഓരോ ഭരണഘടന സ്ഥാപനങ്ങളെയും സർക്കാറിെൻറ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിെൻറ ഏറ്റവും പുതിയ തെളിവാണിതെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സുർജേവാല പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷനെ പ്രധാനമന്ത്രി കാര്യാലയം വിളിച്ചു വരുത്തുന്ന ഏർപ്പാട് സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തിൽ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിൽ അപാകതയില്ലെന്നും, വരുത്താൻ പോകുന്ന പരിഷ്കാരങ്ങളെക്കുറിച്ച് ധാരണ ഉണ്ടാക്കാൻ വേണ്ടിയാണ് യോഗം നടത്തിയതെന്നുമാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.