പ്രധാനമന്ത്രിയെ കർഷകർ തടഞ്ഞതിലേക്ക് നയിച്ച സുരക്ഷവീഴ്ച മൂന്നംഗ സമിതി അന്വേഷിക്കും
text_fieldsന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പുരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കർഷകർ തടഞ്ഞതിലേക്ക് നയിച്ച സുരക്ഷവീഴ്ചയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശങ്ക അറിയിച്ചു. മോദിയെ രാഷ്ട്രപതിഭവനിലേക്ക് വിളിച്ചാണ് ആശങ്ക അറിയിച്ചത്. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് കേന്ദ്രവും പഞ്ചാബ് സർക്കാറും ഉത്തരവിട്ടു. സുരക്ഷവീഴ്ചയെക്കുറിച്ച് മന്ത്രിസഭ സെക്രട്ടേറിയറ്റിലെ സുധീർ കുമാർ സക്സേന ( സുരക്ഷ ), ഐ.ബി ജോയന്റ് ഡയറക്ടർ ബൽബീർ സിങ്, സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ് ഐ.ജി എസ്. സുരേഷ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതി അന്വേഷിക്കും.
എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ കടുത്ത നടപടിയുണ്ടാവുമെന്ന് മന്ത്രിസഭ യോഗത്തിനുശേഷം കേന്ദ്ര ആഭ്യന്തര സഹമന്ത്രി അനിൽ ഠാകുർ പറഞ്ഞു. മന്ത്രിസഭ യോഗത്തിൽ ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമുയർന്നു. പഞ്ചാബ് നിയോഗിച്ച ജസ്റ്റിസ് മഹ്താബ് ഗിൽ അധ്യക്ഷനായ സമിതിയിൽ പഞ്ചാബ് ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് വർമ അംഗമാണ്. സമിതി മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
പ്രോട്ടോകോൾ പ്രകാരം ബദൽ മാർഗം തയാറാക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടെന്ന വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തുവന്നു. ബദൽവഴി ആവശ്യമായി വരുമെന്ന് അറിയിച്ചിരുന്നു. റോഡ് യാത്ര നേരത്തേ അറിയിച്ചതും പഞ്ചാബ് പൊലീസ് അനുമതി നൽകിയതുമാണ്. ഭട്ടിൻഡയിൽ നിന്ന് ഹെലികോപ്ടർ യാത്ര മുടങ്ങിയപ്പോൾ പ്രധാനമന്ത്രിയുടെ എസ്.പി.ജി ഡയറക്ടർ പഞ്ചാബ് ഡി.ജി.പിയെ നേരിട്ടു വിളിച്ചശേഷമാണ് വാഹനവ്യൂഹം യാത്ര തുടങ്ങിയത്. ഭട്ടിൻഡ ജില്ല പൊലീസ് സൂപ്രണ്ട് വാഹനവ്യൂഹത്തോടൊപ്പം ഫിറോസ്പുർ ജില്ല അതിർത്തി വരെ അനുഗമിക്കുകയും അവിടെനിന്ന് ഫിറോസ്പുർ എസ്.പിക്ക് അകമ്പടി ചുമതല കൈമാറുകയും ചെയ്തു.
പ്രദേശത്ത് പ്രതിഷേധിക്കുന്ന കർഷകരെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം നൽകേണ്ടിയിരുന്നു. സാധാരണ എസ്.പി.ജി പ്രധാനമന്ത്രിക്ക് അടുത്തുതന്നെ നിൽക്കാറാണ് പതിവെന്നും പോകാനുള്ള വഴി ഒരുക്കേണ്ടതും പ്രദേശത്ത് ഭീഷണിയുണ്ടോ എന്ന് പരിശോധിക്കേണ്ടതും സംസ്ഥാന പൊലീസ് ആണെന്നും മന്ത്രാലയം തുടർന്നു. മോശം കാലാവസ്ഥയും കർഷക പ്രതിഷേധവും കണക്കിലെടുത്ത് സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങാൻ പ്രധാനമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പറഞ്ഞു. റൂട്ട് മാറ്റത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ പ്രധാനമന്ത്രിയെ തടഞ്ഞത് രാഷ്ട്രീയ ആയുധമാക്കിയ ബി.ജെ.പി നേതാക്കൾ മൃത്യുഞ്ജയ മന്ത്രം ജപിച്ച് ദീർഘായുസ്സിന് പ്രാർഥനായജ്ഞങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.