പ്രോടേം സ്പീക്കർ വിവാദം കത്തുന്നു; സമ്മേളനത്തിന് മുമ്പേ ഏറ്റുമുട്ടൽ; കൊടിക്കുന്നിലിനെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി
text_fieldsന്യൂഡൽഹി: ദലിത് നേതാവായതിനാൽ കേരളത്തിൽ നിന്നുള്ള മുതിർന്ന എം.പി കൊടിക്കുന്നിൽ സുരേഷിനെ പ്രോടേം സ്പീക്കറാക്കിയില്ലെന്ന വിവാദത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ. കോൺഗ്രസ് നടത്തിയ ഭരണഘടനാ ഭേദഗതി പ്രചാരണം ഉത്തരേന്ത്യയിൽ ബി.ജെ.പിക്ക് ദലിത് വോട്ടുകൾ നഷ്ടപ്പെടുത്തിയതിന് പിന്നാലെയുണ്ടായ പ്രോടേം സ്പീക്കർ നിയമന വിവാദം പ്രതിരോധിക്കാൻ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വെള്ളിയാഴ്ച രണ്ട് തവണ വാർത്താസമ്മേളനം വിളിച്ചു. വർധിത വീര്യത്തിലായ പ്രതിപക്ഷം നീറ്റും നെറ്റും ഓഹരി കുംഭകോണവും ഉന്നയിച്ച് പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമാക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനിടയിലാണ് അതിന് മുമ്പെ പ്രോടേം സ്പീക്കർ വിവാദം ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിനിടയാക്കിയത്.
പാർലമെന്റിലെ തന്റെ ഓഫിസിൽ വൈകീട്ട് അഞ്ച് മണിക്ക് നടത്തിയ ശേഷം 6.30ന് തന്റെ വസതിയിൽ ഇതേ വിഷയത്തിൽ മന്ത്രി റിജിജു വീണ്ടും വാർത്താസമ്മേളനം വിളിച്ചു. പ്രോടേം സ്പീക്കറുടെ നിയമന ചർച്ചയിലേക്ക് ജാതിയോ മതമോ കൊണ്ടുവരേണ്ടതില്ലെന്ന് കിരൺ റിജിജു പറഞ്ഞു. കൊടിക്കുന്നിൽ സുരേഷിനെ വിളിച്ച് താൻ സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തിനില്ലാത്ത പരാതി എന്തിനാണ് കോൺഗ്രസുകാർക്ക് എന്നും റിജിജു ചോദിച്ചു. ചുരുങ്ങിയ ചുമതലകൾ മാത്രമുള്ള പദവിയാണ് പ്രോടേം സ്പീക്കറുടേത്. വിവാദം അനാവശ്യമാണ്. നിയമവും ചട്ടവും നോക്കിയാണ് ഏഴ് തവണ തുടർച്ചയായി എം.പിയായ ബി.ജെ.പി എം.പി ഭർതൃഹരി മെഹ്താബിനെ നിയമിച്ചത്. മെഹ്താബ് മികച്ച പാർലമെന്റ് അംഗത്തിനുള്ള അവാർഡും നേടിയിട്ടുണ്ട്.
എന്നാൽ കൊടിക്കുന്നിൽ സുരേഷിന്റെ കാര്യത്തിൽ 1998ലും 2004ലും തുടർച്ച നഷ്ടപ്പെട്ടിട്ടുണ്ട്. യു.പി.എ കാലത്തും എൻ.ഡി.എ കാലത്തും സീനിയോറിറ്റി മറികടന്ന് പ്രോടേം സ്പീക്കറെ തിരഞ്ഞെടുത്തിട്ടുണ്ട്. 2004ൽ വാജ്പേയിയെയും ജോർജ് ഫെർണാണ്ടസിനെയും ഗിരിധർ ഗോമാങ്ങിനെയും മറികടന്ന് വി.കെ പാട്ടിലിനെ നിയമിച്ചത് പോലെയുള്ള ഉദാഹരണങ്ങളും റിജിജു ചൂണ്ടിക്കാട്ടി. മറ്റു അജണ്ടകളില്ലാത്ത പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വളരെ ശാന്തമായി നടത്താമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാൽ പ്രോടേം സ്പീക്കറുടെ കാര്യത്തിൽ കോൺഗ്രസ് നുണപ്രചാരണവുമായി ഇറങ്ങിയതോടെ മറുപടി പറയാൻ ബാധ്യസ്ഥമായെന്നും റിജിജു പറഞ്ഞു. ഏറ്റുമുട്ടലിന്റെ പാതയാണ് കോൺഗ്രസ് തെരഞ്ഞെടുക്കുന്നതെന്ന് ആരോപിച്ച റിജിജു സമ്മർദത്തിലാക്കി കാര്യം നേടാമെന്ന് കരുതേണ്ടെന്നും ഓർമിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നുണ പ്രചാരണം നടത്തിയിട്ടും തോൽവി ഏറ്റുവാങ്ങിയെന്നും പാർലമെന്റ് സമ്മേളനം ചേരും മുമ്പേ നുണ പ്രചാരണം തുടങ്ങിയിരിക്കുകയാണെന്നും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.