'തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം സംഘികൾക്ക് മാറാരോഗമാണ്'; വി. മുരളീധരന് മറുപടിയുമായി തരൂർ
text_fieldsന്യൂഡൽഹി: തന്നോട് ചികിത്സ തേടാൻ ഉപദേശിച്ച കേന്ദ്ര സഹമന്ത്രി വി. മുരളീധരന് മറുപടിയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. 'എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ 'ആയുഷ്മാൻ ഭാരതി'ൽ പോലും ഒരു ചികിത്സയില്ല' -തരൂർ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ ശശി തരൂർ ഇന്ത്യയുടെ ജി.ഡി.പിയും മോദിയുടെ താടിയും താരതമ്യം ചെയ്തുള്ള ട്രോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു വി. മുരളീധരന്‍റെ ഉപദേശം. 'ശശി തരൂർ, വേഗം സുഖംപ്രാപിക്കട്ടെ. ആയുഷ്മാൻ ഭാരതിന് കീഴിലെ ആശുപത്രികളിൽ ഞാൻ നിങ്ങൾക്കായി അപേക്ഷിക്കാം. നിങ്ങൾ രോഗത്തിൽനിന്ന് വേഗം സുഖംപ്രാപിക്കട്ടെ' -എന്നായിരുന്നു ശശി തരൂറിന്‍റെ ട്വീറ്റിന് മറുപടിയായി വി. മുരളീധരന്‍റെ പ്രതികരണം.
മോദിയുടെ താടി കൂടുന്നതിനനുസരിച്ച് ഇന്ത്യയുടെ ജി.ഡി.പി ഇടിയുകയാണെന്നായിരുന്നു കഴിഞ്ഞദിവസം തരൂർ പരിഹസ രൂപേണെ ട്വീറ്റ് ചെയ്തത്. 2017-18 സാമ്പത്തിക വർഷം 8.1 ശതമാനം ജി.ഡി.പി ഉണ്ടായിരുന്നപ്പോൾ മോദിക്ക് കുറ്റിത്താടിയായിരുന്നു. പിന്നീട് വർഷാവർഷം ജി.ഡി.പി ഇടിയുന്തോറും മോദിയുടെ താടി കൂടിക്കൂടി വരികയാണ്.
2019 സാമ്പത്തിക വർഷം ജി.ഡി.പി 4.5 ആയി താഴ്ന്നു. എന്നാൽ, മോദിയുടെ താടി കൂടുതൽ വളർന്നു. ഇത് രണ്ടിന്‍റെയും ചിത്രമാണ് തരൂർ പങ്കുവെച്ചത്. മോദിയുടെ താടിവളർച്ചയുടെ അഞ്ച് ഘട്ടമാണ് ചിത്രത്തിലുള്ളത്.
ഈ സാമ്പത്തിക വർഷം ആദ്യ രണ്ട് പാദത്തിൽ തകർച്ചയിലായിരുന്ന ജി.ഡി.പി മൂന്നാം പാദത്തിൽ നേരിയ വളർച്ച കാണിച്ചിട്ടുണ്ട്. 0.4 ശതമാനമാണ് വളർച്ച. ഏപ്രിൽ-ജൂൺ പാദത്തിൽ ലോക്ഡൗണിനെ തുടർന്ന് വളർച്ചാനിരക്ക് ചരിത്രത്തിലെ ഏറ്റവും മോശം നിരക്കായ -24.4 ശതമാനത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.