പ്രവചനം ഫലിച്ചു; കാസ്ഗഞ്ചിൽ വിജയിച്ചവർതന്നെ യു.പി പിടിച്ചു
text_fieldsലഖ്നൗ: യു.പി നിയമസഭാ തെരഞ്ഞെടുപ്പിലെ അപൂർവ്വതകളിലൊന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം എഴുത്തുകാരൻ എൻ.എസ്. മാധവൻ രംഗത്ത് എത്തിയിരുന്നു. യു.പിയിലെ 100ാം നിയമസഭാ മണ്ഡലമായ കാസ്ഗഞ്ച് പിടിക്കുന്നവർ യു.പിയിൽ ജയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ 40 വർഷമായി ഇത് തുടരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുപിയിലെ ഇറ്റാഹ് ജില്ലയിലാണ് കാസ്ഗഞ്ച് മണ്ഡലം സ്ഥിതി ചെയ്യുന്നത്.
'നാളെ താൻ ഉറ്റുനോക്കുന്നത് കാസ്ഗഞ്ചിലേക്കാണ്. ഏത് പാർട്ടിയാണോ കാസ്ഗഞ്ച് മണ്ഡലത്തിൽ വിജയിക്കുന്നത് അവരാണ് യുപി ഭരിക്കുക 40 വര്‍ഷമായി അങ്ങനെയാണ്. കാസ്ഗഞ്ചിൽ വിജയിക്കൂ, യുപി പിടിക്കൂ' -എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു.
എൻ.എസ്.മാധവൻ പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു എന്നാണ് ഇലക്ഷൻ ഫലം വന്നുകഴിയുമ്പോൾ പറയാൻ കഴിയുന്നത്. കാസ്ഗഞ്ചിൽ ബിജെപിയുടെ ദേവേന്ദ്ര സിങ് രജ്പുത് ആണ് മത്സരിച്ചത്. അദ്ദേഹംതന്നെ അവിടെ വിജയിക്കുകയും ചെയ്തു. ബി.എസ്.പിയുടെ മുഹമ്മദ് ആരിഫിനെയാണ് അദ്ദേഹം തോൽപ്പിച്ചത്. ദേവേന്ദ്ര സിങിനൊപ്പം ബി.ജെ.പി യു.പി പിടിക്കുന്ന കാഴ്ച്ചയും കാണാനായി.
2017ലെ തെരഞ്ഞെടുപ്പിൽ 101908 വോട്ടുകൾക്കാണ് ദേവേന്ദ്ര സിങ് രജ്പുത് ബിജെപി എം.എൽ.എ ആകുന്നത്. രണ്ടാം സ്ഥാനത്തെത്തിയത് ബി.എസ്.പി സ്ഥാനാർഥി അജയ് കുമാറാണ്. ഇത്തവണയും കടുത്ത മത്സരമാണ് കാസ്ഗഞ്ചിൽ നടന്നത്. ബിജെപി, ബി.എ.സ്പി, എ.സ്പി, ഐ.എൻ.സി എന്നീ പാർട്ടികളാണ് കാസ്ഗഞ്ച് മണ്ഡലത്തിൽ മത്സരരംഗത്തുണ്ടായിരുന്നത്. ഫെബ്രുവരി 20നായിരുന്നു മണ്ഡലത്തിലെ വോട്ടെടുപ്പ്. ദേവേന്ദ്ര സിങിനെക്കൂടാതെ മൻപാൽ സിങ് (എസ്പി), മുഹമ്മദ് ആരിഫ് (ബിഎസ്പി), മൻപാൽ (എഎപി), കുൽദീപ് കുമാർ (കോൺഗ്രസ്) എന്നിവരടക്കം 11 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
1951ലാണ് കാസ്ഗഞ്ചിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 15734 വോട്ടുകൾക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിർമൽ സിങാണ് അന്ന് കാസ്ഗഞ്ചിൽ വിജയിച്ചത്. ആറ് തവണയാണ് കോൺഗ്രസിന് കാസ്ഗഞ്ച് മണ്ഡലം പിടിക്കാനായത്. 32963 വോട്ടുകൾക്ക് നെറ്റ് റാം സിങിലൂടെ 1991ലാണ് ബിജെപി കാസ്ഗഞ്ചിൽ അധികാരത്തിലേറുന്നത്. പിന്നീട് നാല് തവണ ബിജെപി കാസ്ഗഞ്ചിൽ വിജയിച്ചുകയറി. കഴിഞ്ഞ തവണ ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 312 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. എസ്പി 47 സീറ്റുകൾ നേടി. ബിഎസ്പി 19 സീറ്റുകളും കോണ്‍ഗ്രസ് 7 സീറ്റുകളുമാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.