കോവിഡ് നേരിടുന്നതിൽ കേന്ദ്ര സർക്കാറിന്‍റെ വീഴ്ച ചൂണ്ടിക്കാട്ടി സഭാ സമിതി റിപ്പോർട്ട്
text_fieldsന്യൂഡല്‍ഹി: രണ്ടാം കോവിഡ് തരംഗത്തിന്‍റെ ഗൗരവം മനസ്സിലാക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് വീഴ്ച പറ്റിയതായും സൂചനകൾ കണ്ട് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ ഒട്ടേറെ മരണങ്ങൾ ഒഴിവാക്കാമായിരുന്നൂവെന്നും പാർലമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമകാര്യ സമിതി റിപ്പോർട്ട്. രണ്ടാം കോവിഡ് തരംഗത്തിനിടെ ഓക്സിജൻ ക്ഷാമം മൂലം ഉണ്ടായ മരണത്തിൽ അന്വേഷണം വേണമെന്നും സമിതി സർക്കാറിനോട് ശിപാർശ ചെയ്തു.
ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുമായി സഹകരിച്ച് മരണങ്ങളുടെ കണക്കുകൾ കൃത്യമായി ശേഖരിക്കണം. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം.
സർക്കാർ ഏജൻസികളിൽ നിന്ന് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. സമാജ്വാദി പാർട്ടി എം.പി രാംപാൽ യാദവ് അധ്യക്ഷനായ സഭാസമിതി റിപ്പോർട്ട് തിങ്കളാഴ്ചയാണ് രാജ്യസഭയിൽ വെച്ചത്.
രണ്ടാം കോവിഡ് തരംഗത്തിനിടെ, ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും വലിയ സമ്മര്‍ദമാണ് ഉണ്ടാക്കിയത്. കേസുകള്‍ ഉയര്‍ന്നതോടെ മരണനിരക്ക് ഉയർന്നു.
ആശുപത്രികളില്‍ കിടക്കകൾ ലഭ്യമാവാതെ വന്നു. ഓക്‌സിജനും മരുന്നുകള്‍ക്കും ക്ഷാമമുണ്ടായി. കോവിഡ് ആഘാതം ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.