മുഖ്യമന്ത്രി സ്റ്റാലിൻ കൊണ്ടുവന്ന പ്രമേയം രാജ്യത്തിന് മാതൃക -തമിഴ്നാട് സ്പീക്കർ
text_fieldsചെന്നൈ: സംസ്ഥാന സർക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയ ഗവർണർ ആർ.എൻ. രവിയുടെ നടപടിയെ തുടർന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൊണ്ടുവന്ന പ്രമേയം ഇന്ത്യക്കുതന്നെ മാതൃകയാണെന്ന് ബുധനാഴ്ച നിയമസഭയിൽ സ്പീക്കർ എം. അപ്പാവു പ്രസ്താവിച്ചു.
ഭരണഘടനയും നിയമസഭാചട്ടങ്ങളും അനുസരിച്ചാണ് ഗവർണർ നയപ്രഖ്യാപനപ്രസംഗം നടത്തുന്നത്. ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തുന്നവർക്കെതിരെ സ്പീക്കർക്ക് നടപടിയെടുക്കാം. നിയമസഭയിൽ മുമ്പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ട്.
1988ൽ ഫാത്തിമ ബീവി ഗവർണറായിരിക്കെ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിലെ ഇരിപ്പിടങ്ങളിൽ കയറിനിന്ന് കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു. 2012ൽ ഗവർണർ സുർജിത് സിങ് ബർണാലയെ ധർമസങ്കടത്തിലാക്കുന്ന വിധത്തിൽ സഭാങ്കണത്തിൽ പ്രതിപക്ഷ പാർട്ടികൾ ധർണ നടത്തി പ്രതിഷേധിച്ചു.
ജനുവരി ഒമ്പതിന് ഗവർണർ സന്നിഹിതരായിരിക്കെയാണ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചത്. മുൻകാലങ്ങളിലേതുപോലെ അനിഷ്ട സംഭവങ്ങളോ ധർണയോ കുത്തിയിരിപ്പ് സമരമോ നടന്നിട്ടില്ല. 1995ൽ നിയമസഭാചട്ടം 92-7 ഭേദഗതി ചെയ്തത് രാഷ്ട്രപതി, ഗവർണർ, ന്യായാധിപൻമാർ എന്നിവരുടെ അന്തസ്സ് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.
അസാധാരണമായ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ അവസരോചിതമായ തീരുമാനമെടുത്ത് പ്രമേയം കൊണ്ടുവന്ന് പാസാക്കി. നിയമസഭാചട്ടം 17ൽ ഇളവ് വരുത്തി സ്പീക്കർ വായിച്ച അച്ചടിക്കപ്പെട്ട തമിഴ് പതിപ്പ് മാത്രം നിയമസഭ രേഖയിൽ ഉൾപ്പെടുത്തിയാൽ മതിയെന്നായിരുന്നു സ്റ്റാലിന്റെ പ്രമേയം.
ഇത് തമിഴ്നാടിന് മാത്രമല്ല, ഇന്ത്യക്കുതന്നെ മാതൃകയാണ്. ഭാവിയിൽ ഗവർണറുടെ സാന്നിധ്യത്തിൽ നിയമസഭ സാമാജികർ മാന്യമായി പെരുമാറണമെന്നും സ്പീക്കർ അഭ്യർഥിച്ചു. പിന്നീട് ഗവർണറുടെ നടപടിയിൽ സഭ ഖേദിക്കുന്നതായും മുഖ്യമന്ത്രിയുടെ പ്രമേയത്തെ തുടർന്ന് സ്പീക്കർ വായിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ പൂർണമായും അംഗീകരിച്ചും സഭ പ്രമേയം പാസാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.