കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ റോബോട്ടുമെത്തി
text_fieldsറായ്പൂർ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ പിഹ്രിദ് ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ 10 വയസ്സുകാരനെ രക്ഷിക്കാൻ മൂന്നാം ദിവസവും ശ്രമം തുടരുന്നു. ഗുജറാത്തിൽ നിന്നുള്ള ബോർവെൽ റെസ്‌ക്യൂ റോബോട്ടിനെയടക്കം രക്ഷാപ്രവർത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. അപകടമുണ്ടായി 39 മണിക്കൂറിന് ശേഷമാണ് റോബോട്ടിനെ എത്തിച്ചത്.
രാഹുൽ സാഹു എന്ന കുട്ടിയാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കളിക്കുന്നതിനിടെ വീടിന് പിൻവശത്തെ 80 അടിയോളം താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയെയും (എൻ.ഡി.ആർ.എഫ്) സംസ്ഥാന ദുരന്ത പ്രതികരണ സേനയെയും (എസ്.ഡി.ആർ.എഫ്) വിന്യസിച്ചിട്ടുണ്ട്. കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് രക്ഷാപ്രവർത്തനം. ഇതിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. കുഴൽക്കിണറിൽ വെള്ളമുണ്ടെങ്കിലും എൻ.ഡി.ആർ.എഫ് ഇത് വറ്റിക്കുന്നുണ്ട്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നിരീക്ഷിച്ചുവരികയാണ്. കാമറകളിലൂടെ കുട്ടിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും പല സമയങ്ങളിലായി പഴവും ജ്യൂസും വെള്ളവും നൽകിയെന്നും ഓക്സിജൻ ലഭ്യമാക്കാൻ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. കുട്ടിയിലേക്കെത്താൻ ഇനി 10 മണിക്കൂറെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.