മുന്നാക്ക സംവരണം വന്ന വഴി
text_fieldsമധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി പരാജയപ്പെട്ടതിന് പിന്നാലെയാണ് മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 103ാം ഭരണഘടന ഭേദഗതിയിലൂടെ 2019 ജനുവരിയിൽ സംവരണം കൊണ്ടുവന്നത്.
കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ളവർ ഇതിനെ പിന്തുണക്കുകയും കേരളത്തിൽ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ രാജ്യത്ത് ആദ്യമായി ഇത് നടപ്പാക്കുകയും ചെയ്തു. സാധാരണഗതിയിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പാർശ്വവത്കൃത വിഭാഗങ്ങളായ പട്ടികജാതി-വർഗങ്ങളുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും സാമൂഹികമായ ഉന്നമനം ലക്ഷ്യമിട്ടാണ് താൽക്കാലിക നടപടി എന്നനിലയിൽ ഭരണഘടനയിൽ സംവരണം വിഭാവനം ചെയ്തിരുന്നത്.
അതിനാൽ മുന്നാക്കവിഭാഗങ്ങൾക്കുള്ള സംവരണം ഭരണഘടന വിരുദ്ധമാണെന്നാണ് ഹരജിക്കാരുടെ വാദം. ആകെ സംവരണം 50 ശതമാനത്തിൽ കവിയരുതെന്ന 1992ലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് 10 ശതമാനം മുന്നാക്ക സംവരണമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. സംവരണം എന്ന സങ്കൽപംതന്നെ തകർക്കാനുള്ള പിൻവാതിൽ നീക്കമാണിതെന്നും ഹരജിക്കാർ ആരോപിച്ചു.
2019ൽ മൂന്നംഗ ബെഞ്ച് പരിഗണിച്ച ഹരജികൾ പിന്നീട് അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു. എന്നാൽ, മൂന്നുവർഷത്തോളം പരിഗണിക്കാതെ മാറ്റിവെച്ച ഹരജികൾ ചീഫ് ജസ്റ്റിസ് യു.യു. ലളിത് ആറര ദിവസംകൊണ്ടാണ് കേസ് തുടർച്ചയായി കേട്ടത്.
മുന്നാക്ക സംവരണത്തിന്റെ നാൾവഴികൾ
- 2019 ജനുവരി 08: 103ാം ഭരണഘടന ഭേദഗതി ബിൽ ലോക്സഭ പാസാക്കി
- 2019 ജനു. 09: 103ാം ഭരണഘടന ഭേദഗതി ബിൽ രാജ്യസഭ പാസാക്കി
- 2019 ജനു. 12: ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയതായി നിയമ, നീതിന്യായ മന്ത്രാലയം അറിയിച്ചു
- 2019 ഫെബ്രുവരി. 01: ഭരണഘടന ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഹരജി
- 2019 ഫെബ്രു. 06: ഹരജിയിൽ കേന്ദ്രസർക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്
- 2019 ഫെബ്രു. 08: നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി
- 2022 സെപ്റ്റംബർ 08: അപ്പീലുകൾ കേൾക്കാൻ പ്രത്യേക അഞ്ചംഗ ബെഞ്ച് രൂപവത്കരിച്ച് സുപ്രീംകോടതി
- 2022 സെപ്. 13: അപ്പീലിൽ വാദം തുടങ്ങി
- 2022 സെപ്. 27: കേസ് വിധിപറയാൻ മാറ്റി
- 2022 നവംബർ 07: 103ാം ഭരണഘടന ഭേദഗതി അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് ശരിവെച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.