സന്ദേശ്ഖലി സംഘർഷം; ബംഗാൾ സർക്കാറിനെ പിരിച്ചുവിടണം -ദേശീയ പട്ടികജാതി കമീഷൻ
text_fieldsന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനും അനുയായികൾക്കുമെതിരെ സമരം തുടരുന്ന പശ്ചിമ ബംഗാളിലെ സന്ദേശ്ഖലിയും പരിസരവും ദേശീയ പട്ടികജാതി കമീഷൻ അംഗങ്ങൾ സന്ദർശിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കമീഷൻ റിപ്പോർട്ട് നൽകിയതായി ചെയർമാൻ അരുൺ ഹാൽദർ അറിയിച്ചു.
പട്ടികജാതിക്കാരെ സംരക്ഷിക്കാനുള്ള 338ാം അനുച്ഛേദമനുസരിച്ച് സർക്കാറിനെ പിരിച്ചുവിടണമെന്നാണ് കമീഷന്റെ റിപ്പോർട്ട്. വിഷയം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് രാഷ്ട്രപതി ഉറപ്പുനൽകിയതായി ഹാൽദർ പറഞ്ഞു. കമീഷൻ അംഗങ്ങളെ സന്ദർശനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതായി അദ്ദേഹം ആരോപിച്ചു. പട്ടികജാതി വിഭാഗക്കാരാണ് അതിക്രമങ്ങൾക്ക് ഇരകളെന്നും കമീഷൻ ചെയർമാൻ പറഞ്ഞു.
കേന്ദ്രസർക്കാറുമായി ബന്ധപ്പെട്ട വിവിധ കമീഷനുകളും മറ്റും ബംഗാളിലെ വിഷയങ്ങളിൽ നിരന്തരം ഇടപെടുകയാണ്. പിഞ്ചുകുട്ടിയെ വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട പരാതിയിൽ ദേശീയ ബാലാവകാശ കമീഷനും ഇടപെട്ടിട്ടുണ്ട്. സ്ത്രീകൾക്കെതിരെ പൊലീസും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ശാരീരികമായ അതിക്രമം നടത്തിയതായി ദേശീയ വനിത കമീഷനും ആരോപിച്ചു.
ഷാജഹാൻ ഷെയ്ഖും അനുയായികളും ലൈംഗിക പീഡനവും ഭൂമി കൈയേറ്റവും നടത്തിയെന്നാരോപിച്ചാണ് നോർത്ത് 24 പർഗാനാസ് ജില്ലയിൽ എട്ട് ദിവസമായി സമരം തുടരുന്നത്. ഇ.ഡി സംഘത്തെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഷാജഹാൻ ഷെയ്ഖ് ജനുവരി അഞ്ച് മുതൽ ഒളിവിലാണ്. കേന്ദ്രമന്ത്രി പ്രതിമ ഭൗമികിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പ്രദേശത്ത് എത്തുന്നത് പൊലീസ് തടഞ്ഞു. നിരോധനാജ്ഞയുള്ളതിനാൽ പോകാനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. തുടർന്ന് ബി.ജെ.പി സംഘം കുത്തിയിരിപ്പ് സമരം നടത്തി. അതിനിടെ, അക്രമങ്ങളെക്കുറിച്ച് സി.ബി.ഐയോ പ്രത്യേക സംഘമോ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
സാമൂഹിക ദ്രോഹികളും സർക്കാർ സംവിധാനവും കൈകോർത്ത് പ്രവർത്തിക്കുകയാണെന്ന് ഗവർണർ ആനന്ദബോസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് നൽകി. സ്ത്രീകളുടെ ആരോപണത്തിൽ 17 പേരെ അറസ്റ്റ് ചെയ്തതായും അക്രമികളെ വെറുതെവിടില്ലെന്നും ബി.ജെ.പി കുത്തിത്തിരിപ്പിന് ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.