ചെങ്കോലിനുണ്ട്, കഥപറയാൻ
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ കസേരക്ക് സമീപം സ്ഥാപിക്കുന്ന ചെങ്കോലിനുണ്ടൊരു കഥ പറയാൻ. ബ്രിട്ടീഷുകാരിൽനിന്ന് സ്വതന്ത്ര ഇന്ത്യക്കുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായിരുന്നു ഈ ദണ്ഡ്. അന്ന് തമിഴ്നാട്ടിൽനിന്ന് എത്തിയ മതപുരോഹിതരുടെ സാന്നിധ്യത്തിൽ വൈസ്രോയി മൗണ്ട് ബാറ്റണിൽനിന്ന് അധികാര ദണ്ഡ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കൈമാറി.
പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങിൽ ചെങ്കോൽ ഏറ്റുവാങ്ങുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഴയ ചടങ്ങിന്റെ പുനരാവിഷ്കാരത്തിന് തമിഴ്നാട്ടിൽനിന്ന് ഒരു സംഘത്തെ തന്നെ ഡൽഹിയിൽ എത്തിക്കുന്നുണ്ട്. ദ്രാവിഡ സംസ്കാരത്തെ വാഴ്ത്തി തമിഴക രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള തന്ത്രം കൂടി അതിലുണ്ടെന്ന് നിരീക്ഷിക്കുന്നവർ ഏറെ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്റുവാണെങ്കിൽ പുതിയ പാർലമെന്റ് അടക്കം ‘പുതിയ ഇന്ത്യ’യുടെ ആദ്യ പ്രധാനമന്ത്രിയെന്ന സ്ഥാനം ഉറപ്പിക്കാനും ചെങ്കോൽ ആയുധമാക്കുന്നു.
തമിഴിൽ ‘സെങ്കോൽ’ എന്നു വിളിക്കുന്ന അധികാര ദണ്ഡിന്റെ കഥ ഇങ്ങനെ: ബ്രിട്ടീഷുകാർ സ്വതന്ത്ര ഇന്ത്യക്ക് അധികാരം കൈമാറുന്നതിന്റെ അടയാളം എന്താകണമെന്ന ചർച്ച എടുത്തിട്ടത് അവസാന ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റൺ ആണ്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചു. അവസാന ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെ ഉപദേശം തേടുകയാണ് നെഹ്റു ചെയ്തത്.
ചോള രാജാക്കന്മാർ ചെങ്കോൽ കൈമാറുന്ന രീതിയിലാകാമെന്ന് രാജാജി അഭിപ്രായപ്പെട്ടു. മതപുരോഹിതനാണ് ചെങ്കോൽ പുതിയ രാജാവിന് നൽകുന്നത്. അതനുസരിച്ച് തമിഴ്നാട്ടിലെ പ്രമുഖ മഠമായ തിരുവാടു തുറൈ അധീനവുമായി അദ്ദേഹം ബന്ധപ്പെട്ടു. മദ്രാസിലെ സ്വർണവ്യാപാരി വുമ്മിടി ബംഗാരു ചെട്ടിയെ മഠാധിപതി നിർമാണ ചുമതല ഏൽപിച്ചു. മുകൾഭാഗത്ത് നന്ദികേശന്റെ ചെറുപ്രതിമ വിളക്കിച്ചേർത്ത സ്വർണ ചെങ്കോൽ നിർമിച്ച വുമ്മിടി ഇതിരാജുലു (96), വുമ്മിടി സുധാകർ (88) എന്നിവർ ചെന്നൈയിലാണ് ഇപ്പോഴുള്ളത്.
സ്വാതന്ത്ര്യദിന തലേന്ന് തിരുവാടുതുറൈ അധീനത്തെ ഉപമഠാധിപതി, നാഗസ്വര വിദ്വാൻ രാജരത്തിനം പിള്ള, തമിഴ് ക്ഷേത്രങ്ങളിൽ ഭക്തിഗാനം ആലപിക്കുന്ന ഉദുവർ എന്നിവരുമായി മദ്രാസ് പ്രസിഡൻസിയിൽനിന്ന് ഡൽഹിയിലേക്ക് പറന്നു. ഉപമഠാധിപതി മൗണ്ട് ബാറ്റണ് ആദ്യം ചെങ്കോൽ നൽകി. അതു തിരിച്ചു വാങ്ങി ഗംഗാജലം തളിച്ച് പൂജകളോടെ നെഹ്റുവിന് നൽകി. നാഗസ്വരത്തിന്റെയും ഭക്തിഗാനത്തിന്റെയും അകമ്പടിയോടെയായിരുന്നു ഇത്. 1947 ആഗസ്റ്റ് 14ന് രാത്രി 10.45ന് നെഹ്റുവിന്റെ വസതിയിലായിരുന്നു ചടങ്ങ്. ചെങ്കോൽ പിന്നീട് അലഹബാദ് മ്യൂസിയത്തിലേക്ക് മാറ്റി. എന്നാൽ, അപ്രധാനമായി കരുതേണ്ട ഒന്നല്ല അതെന്നാണ് മോദിസർക്കാറിന്റെ പക്ഷം. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആധുനികതയുമായി ബന്ധിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാണ് ചെങ്കോൽ സ്ഥാപനത്തിൽ പ്രതിഫലിക്കുന്നതെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പക്ഷം. സ്വാതന്ത്ര്യത്തിന്റെയും വിവേചനരഹിതമായ ഭരണക്രമത്തിന്റെയും വികാരത്തിന്റെ പ്രതീകമാണ് ചെങ്കോൽ. സ്വാതന്ത്ര്യ തലേന്ന് രാത്രി നെഹ്റുവിന് തോന്നിയ അതേ വികാരമാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നത്.
20 അധീനങ്ങളുടെയും അധ്യക്ഷന്മാരെ പാർലമെന്റ് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പവിത്രമായ ആചാരത്തിന് അവരുടെ അനുഗ്രഹം വേണം. ചെങ്കോൽ നിർമാണത്തിൽ സഹകരിച്ച 96കാരനായ വുമ്മിടി ബംഗാരു ചെട്ടിയും ചടങ്ങിൽ പങ്കെടുക്കും. പാർലമെന്റ് നിർമാണത്തിൽ പങ്കെടുത്ത 60,000ഓളം വരുന്ന തൊഴിലാളികളെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി ആദരിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.