അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും; നാവിക സേന ഷിരൂരിൽ
text_fieldsഷിരൂർ: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനായി നാവിക സേന ഷിരൂരിലെത്തി. ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും. നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന.
ഗംഗാവാലി നദിയുടെ അടിയൊഴുക്ക് കുറഞ്ഞ സാഹചര്യത്തിൽ പുഴയിൽ ഇറങ്ങിയുള്ള പരിശോധന നടന്നേക്കുമെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി ഉത്തര കന്നട കാർവാറിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തിരച്ചിൽ വീണ്ടും പുനരാരംഭിക്കാൻ തീരുമാനമായത്.
കർണാടക മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശം അനുസരിച്ച് ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ ഇന്ന് രാവിലെ 11ന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് നാല് നോട്സിൽ താഴെയായാൽ മാത്രമേ തിരച്ചിൽ വിജയിക്കൂ. മൂന്ന് നോട്സ് ആണ് നാവികസേന പറയുന്ന വിജയദൗത്യ നീരൊഴുക്ക്. വിവിധ ഏജൻസികൾ, ഈശ്വർ മൽപെ എന്നിവരുടെ ഏകോപനം ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച ഡി.സി യോഗം വിളിച്ചത്.
കാർവാറിൽ ചേർന്ന യോഗത്തിൽ ജില്ല കലക്ടർ ലക്ഷ്മിപ്രിയ, ജില്ല പൊലീസ് മേധാവി നാരായൺ, നാവിക സേന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഷിരൂരിൽ തിരച്ചിൽ നടത്തുന്നതിന് ഏറെ വെല്ലുവിളികളുണ്ടെന്നും സാധ്യമായ എല്ലാ സംവിധാനവും ഉപയോഗപ്പെടുത്തുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.