വിവാദ രഥത്തിൽ രണ്ടാം മോദിസർക്കാർ അവസാന വർഷത്തിലേക്ക്
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി നയിക്കുന്ന എൻ.ഡി.എ സർക്കാർ വിവാദങ്ങളുടെ തേരിലേറി പത്താം വർഷത്തിലേക്ക്. ഒമ്പത് വർഷത്തെ മോദിഭരണം രാജ്യത്തിന്റെ സമ്പദ്ഘടനയെ വലിയ പ്രതിസന്ധിയിലാക്കുകയും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുകയും ചെയ്തത് പ്രതിപക്ഷം ഉയർത്തിക്കാണിക്കുമ്പോൾ ഹിന്ദുത്വ ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ലോകത്തിന് മുന്നിലെത്തിച്ച് ലോകത്തെ നയിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് ബി.ജെ.പിയുടെ പ്രചാരണം.
2002ലെ വംശഹത്യയുടെ പേരിൽ പ്രതിക്കൂട്ടിലായി വിദേശ രാജ്യങ്ങളുടെ വിലക്ക് നേരിട്ട മുൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ലോകത്തെ നയിക്കുന്ന വിശ്വഗുരുവായാണ് രാജ്യവാസികൾക്ക് മുന്നിൽ ഇന്ന് ബി.ജെ.പി കെട്ടിയൊരുക്കുന്നത്.
അപ്രതീക്ഷിതമായ നോട്ടുനിരോധനം, മുസ്ലിംകളെ മാത്രം ഒഴിവാക്കിയുള്ള പൗരത്വനിയമ ഭേദഗതി, അതിനെതിരെയുയർന്ന പ്രക്ഷോഭങ്ങളും അവയെ അടിച്ചമർത്തിയതും, അതുമായി ബന്ധപ്പെട്ട വടക്കു കിഴക്കൻ ഡൽഹി കലാപം, കോവിഡ് പകർച്ച വ്യാധിയുടെ പേരിൽ പ്രഖ്യാപിച്ച അശാസ്ത്രീയമായ ലോക്ഡൗണുകൾ, ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മുറിച്ചത്, ‘ചങ്ങാത്ത മുതലാളി’ ഗൗതം അദാനിയുമായി ബന്ധപ്പെട്ട ഹിൻഡൻ ബർഗ് റിപ്പോർട്ട്, തുടർന്നുണ്ടായ ഓഹരിവിപണിയുടെ തകർച്ച, പ്രതിപക്ഷവും രാഷ്ട്രപതിയുമില്ലാത്ത പുതിയ പാർലമെന്റ് മന്ദിരോദ്ഘാടനം തുടങ്ങി വിവാദങ്ങൾക്കൊരു കുറവുമില്ലാത്തവിധം ബഹളമയമായിരുന്നു മോദിയുടെ ഒമ്പത് വർഷങ്ങളും.
നടപ്പാക്കാത്ത വാഗ്ദാനങ്ങളിലൂടെ കർഷകസമരത്തിൽനിന്ന് ഒരുവിധം രക്ഷപ്പെട്ട സർക്കാർ അതിലേറെ നാണക്കേടുമായാണ് സ്വന്തം മാനം കാക്കാനുള്ള ഗുസ്തിതാരങ്ങളുടെ സമരത്തെ ദയാശൂന്യമായി നേരിട്ട് പത്താം വർഷത്തേക്ക് കടക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സമസ്ത അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന ഭാവത്തിലാണ് മോദിയുടെ ഭരണമെന്ന് രാഷ്ട്രീയ-സാമൂഹിക വിദഗ്ധർ ഇതിനകം തന്നെ ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. ‘മോദിപ്രഭാവം’ മറ്റേതൊരു ഭരണഘടനാപദവിയേക്കാളും ഉയർത്തിക്കാണിക്കാൻ ശതകോടികളാണ് ചെലവിട്ടത്.
ജി 20യുടെ അധ്യക്ഷസ്ഥാനവും പാർലമെന്റ് മന്ദിരോദ്ഘാടനവും വന്ദേ ഭാരത് ട്രെയിനിന്റെ ഓരോ സർവിസിന്റെയും ഫ്ലാഗ് ഓഫും മോദിയിലേക്ക് ചുരുക്കി. ഇത് വീണ്ടുമൊരു തുടർഭരണത്തിനാണെന്ന് വ്യക്തം. മോദിസർക്കാറിന്റെ ഭരണനേട്ടമായി ദേശീയപാത ശൃംഖലകളും വന്ദേ ഭാരതും 12 കോടിയോളം ശൗചാലയങ്ങളും ബി.ജെ.പി ഉയർത്തിക്കാണിക്കുന്നുണ്ട്.
എന്നാൽ വികസന മുദ്രാവാക്യങ്ങളേക്കാൾ, ഒമ്പത് വർഷം കൊണ്ട് സൃഷ്ടിച്ചെടുത്ത ഭൂരിപക്ഷ -ന്യൂനപക്ഷ വിഭജന അന്തരീക്ഷത്തിലൂടെ നേടിയെടുത്ത ‘ഹിന്ദുത്വ ഹൃദയ സാമ്രാട്ട്’ എന്ന പ്രതിച്ഛായയിൽ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടുകയാണ് മോദിയുടെയും ബി.ജെ.പിയുടെയും ലക്ഷ്യം.
ഉയർന്ന പ്രതിഷേധങ്ങളെല്ലാം തൃണവത്ഗണിച്ച്, ഹൈന്ദവ മതാചാര്യന്മാരുടെ കാർമികത്വത്തിൽ പൂജ നടത്തി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ മോദിയെ പ്രേരിപ്പിച്ചതും ഇതാണ്. അവസാന വർഷത്തെ രാമക്ഷേത്ര ഉദ്ഘാടനം കൂടി പൊലിപ്പിച്ച് ഇനിയുമൊരു ഭരണത്തുടർച്ചക്കുള്ള യത്നത്തിലാണ് മോദിയും സംഘപരിവാരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.