ഏഴാം ഘട്ടം; ‘ഇൻഡ്യ’ക്ക് മുൻതൂക്കം
text_fieldsന്യൂഡൽഹി: ജൂൺ ഒന്നിന് നടക്കുന്ന അവസാന ഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബോളിവുഡ് നടി കങ്കണ റാവത്ത്, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ, തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ദേശീയ ഉപാധ്യക്ഷൻ അഭിഷേക് ബാനർജി, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ലാലുപ്രസാദിന്റെ മകൾ മിർസ തുടങ്ങിയ പ്രമുഖർ.
പഞ്ചാബ്, യു.പി സംസ്ഥാനങ്ങളിൽ 13 വീതവും പശ്ചിമ ബംഗാൾ (ഒമ്പത്), ബിഹാർ (എട്ട്), ഒഡിഷ (ആറ്), ഹിമാചൽ പ്രദേശ് (നാല്), ഝാർഖണ്ഡ് (മൂന്ന്), കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിൽ ഒരു മണ്ഡലവും ഉൾപ്പെടെ 57 സീറ്റിലാണ് വോട്ടെടുപ്പ് നടക്കാനുള്ളത്. കഴിഞ്ഞ തവണ 57 സീറ്റിൽ എൻ.ഡി.എക്ക് 32 ഉം യു.പി.എക്ക് ഒമ്പതും സീറ്റുകളാണ്. ലഭിച്ചത്. 16 സീറ്റുകളിലായി ടി.എം.സി ബിജു ജനതാദൾ (ബി.ജെ.ഡി) പാർട്ടികൾ വിജയിച്ചു.
ഇക്കുറി രാഷ്ട്രീയ സമവാക്യം മാറിയതും കർഷക സമരവും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കും. ആ അർഥത്തിൽ നേരിയ മുൻതൂക്കം ഇൻഡ്യ മുന്നണിക്കുണ്ട്. പഞ്ചാബിൽ ശിരോമണി അകാലിദൾ (എസ്.എ.ഡി) എൻ.ഡി.എ സഖ്യം വിട്ടതും ഝാർഖണ്ഡിൽ ഹേമന്ദ് സോറന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സഹതാപ തരംഗവും ബി.ജെ.പിക്ക് സീറ്റുകൾ കുറയാൻ കാരണമാകും. ബിഹാറിൽ ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികളടങ്ങിയ ഇൻഡ്യ മുന്നണി സജീവമാണ്.
പഞ്ചാബിൽ അകാലിദളിന്റെ തണലിൽ ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ ലഭിച്ചിരുന്നു. അകാലിദൾ ബന്ധം ഉപേക്ഷിച്ചതും കർഷകരോഷം നേരിടുന്നതും ഇക്കുറി ഉള്ള സീറ്റുകൾ നഷ്ടമാകുന്നതിന് കാരണമാകും.
കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിൽ കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥി 10 ശതമാനം മാർജിനിലാണ് വിജയിച്ചത്. ഇക്കുറി കോൺഗ്രസിനെ ആപ് പിന്തുണക്കുന്നതും കർഷകസമരവും അഗ്നിവീർ പദ്ധതിക്കെതിരെയുള്ള എതിർപ്പും ബി.ജെ.പിയുടെ വിജയസാധ്യതക്ക് മങ്ങലേൽപിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന മേയർ തെരഞ്ഞെടുപ്പിൽ ആപ്-കോൺഗ്രസ് സഖ്യം വിജയിച്ചതിന് പിന്നാലെ നടത്തിയ അട്ടിമറി പരസ്യമായതും ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
പൊതു തെരഞ്ഞെടുപ്പിൽ അധികവും ബി.ജെ.പി രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും നാലു സീറ്റും 2009ൽ മൂന്ന് സീറ്റും ബി.ജെ.പിക്ക് ലഭിച്ചു.
എന്നാൽ, അസംബ്ലി തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചതോടെ കോൺഗ്രസ് താഴെതട്ടിലെ സംഘടന സംവിധാനം ശക്തമാക്കി. തൊഴിലില്ലായ്മയും വിലക്കയറ്റവും കർഷക വിഷയങ്ങളും സംസ്ഥാനത്ത് സജീവ ചർച്ചയാണ്. കങ്കണ മത്സരിക്കുന്ന മണ്ഡി, ആനന്ദശർമ മത്സരിക്കുന്ന കങ്കറ, ശിംല എന്നീ മണ്ഡലങ്ങളിൽ മത്സരം കടുപ്പമാണ്.
ബംഗാളിൽ അവസാനഘട്ടത്തിൽ ജനിവിധി തേടുന്ന ഒമ്പത് മണ്ഡലങ്ങളും തൃണമൂൽ കോൺഗ്രസ് (ടി.എം.സി) സിറ്റിങ് സീറ്റുകളാണ്. തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും ടി.എം.സി തൂത്തുവാരി. എന്നാൽ, മതപണ്ഡിതനായ അബ്ബാസ് സിദ്ദീഖി രൂപവത്കരിച്ച ഐ.എസ്.എഫിന്റെ (ഇൻഡ്യൻ സെക്കുലർ ഫോറം) ശക്തികേന്ദ്രമാണ് ഈ മണ്ഡലങ്ങൾ. മുസ്ലിം ഭൂരിപക്ഷ മേഖലയായ ഇവിടെ വോട്ട് ഭിന്നിച്ചാൽ ടി.എം.സിക്ക് തിരിച്ചടിയാകും.
ഗോഡ്ഡ, ദുംക, രാജ്മഹൽ എന്നീ മണ്ഡലങ്ങളിലാണ് ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ്. ഇതിൽ ഗോഡ്ഡ, ദുംക എന്നിവ ബി.ജെ.പി സിറ്റിങ് സീറ്റും രാജ്മഹൽ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എ.എം) സീറ്റുമാണ്. ബി.ജെ.പി വിജയിച്ച മണ്ഡലങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.എം.എം നേട്ടമുണ്ടാക്കിയിരുന്നു.
മുൻ മുഖ്യമന്ത്രിയും ജെ.എം.എം അധ്യക്ഷനുമായ ഹേമന്ദ് സോറന്റെ അറസ്റ്റോടെ ഗോത്രമേഖലയായ സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധവികാരം ശക്തമാണ്. ദുംക, രാജ്മഹൽ മണ്ഡലങ്ങളിൽ ജെ.എം.എം വിജയപ്രതീക്ഷയർപ്പിക്കുന്നുണ്ട്.
ബിഹാറിൽ വോട്ടെടുപ്പ് നടക്കാനുള്ള ഒമ്പത് മണ്ഡലങ്ങളും ബി.ജെ.പി- ജെ.ഡി.യു സഖ്യം വിജയിച്ചവയാണ്. ഇവയിൽ ആറു സീറ്റുകൾ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യ സഖ്യം.
മിസ മത്സരിക്കുന്ന പാടലിപുത്ര, ജെ.ഡി.യു സ്ഥാനാർഥി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച ജഹനാസ്ബാദ്, ബി.ജെ.പി വിമതൻ മത്സരിക്കുന്ന കരാക്കാട്ട്, അസംബ്ലി തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡി, കോൺഗ്രസ് സഖ്യം തൂത്തുവാരിയ ബക്സർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലാണ് ഇൻഡ്യ മുന്നണിക്ക് വിജയപ്രതീക്ഷ.
യു.പിയിലെ 13 സീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെ 12ലും എൻ.ഡി.എക്കായിരുന്നു വിജയം. ഒരു സീറ്റിൽ ബി.എസ്.പി വിജയിച്ചു. എൻ.ഡി.എ സ്ഥാനാർഥികൾ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച ബല്ലിയ, ചന്ദൗലി, റോബേർട്സ്ഗഞ്ജ്, ബി.എസ്.പി സ്ഥാനാർഥി വിജയിച്ച ഗാസിപൂർ എന്നിവടങ്ങളിൽ ഇൻഡ്യ മുന്നണി വിജയപ്രതീക്ഷയിലാണ്. ഒഡിഷയിലെ ആറിൽ നാലിടത്തും ബി.ജെ.ഡിയും രണ്ടിടത്ത് ബി.ജെ.പിയുമാണ് വിജയിച്ചത്. ബി.ജെ.പിക്ക് രണ്ടിടത്തും വിജയം നേരിയ ഭൂരിപക്ഷത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.