'ജി20 അത്താഴ വിരുന്നിൽ പങ്കെടുത്തില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ല'; മമത ബാനർജിയെ വിമർശിച്ച് അധീർ ചൗധരി
text_fieldsന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു സംഘടിപ്പിച്ച ജി20 അത്താഴ വിരുന്നിൽ പങ്കെടുത്തതിന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി. മോദി സർക്കാറിനെതിരായ പ്രതിപക്ഷ നിലപാടിനെ ദുർബലപ്പെടുത്തുന്നതാണ് മമതയുടെ നടപടിയെന്ന് ചൗധരി ആരോപിച്ചു.
രാജ്യത്തെ പല മുഖ്യമന്ത്രിമാരും അത്താഴ ക്ഷണം ബഹിഷ്‌കരിച്ചു. പാർലമെന്റിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ അത്താഴത്തിന് ക്ഷണിച്ചിട്ടില്ല. എന്തൊരു വിരോദാഭാസമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 'അവർ അത്താഴ വിരുന്നിൽ പങ്കെടുത്തില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല. മഹാഭാരതത്തിന്റെയും ഖുറാന്റെയും വിശുദ്ധി നഷ്ടപ്പെടില്ല. മമത പരിപാടിയിൽ പങ്കെടുക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ.'- അധീർ ചൗധരി പറഞ്ഞു.
പല ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരും അത്താഴ വിരുന്നിൽ പങ്കെടുക്കുന്നതിൽനിന്ന് വിട്ടുനിന്നിരുന്നുവെന്നും എന്നാൽ മമത ബാനർജി തിടുക്കത്തിൽ ഡൽഹിയിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാറിൽനിന്നുള്ള നിതീഷ് കുമാർ, ജാർഖണ്ഡിൽ നിന്നുള്ള ഹേമന്ത് സോറൻ എന്നിവർ വിരുന്നിൽ പങ്കെടുത്തിരുന്നു. അതേസമയം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഒഡിഷയിൽ നിന്നുള്ള നവീൻ പട്‌നായിക്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരടക്കം പ്രതിപക്ഷ പാർട്ടികളിലെ പല നേതാക്കളും ചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു.
മമത ബാനർജിയുടെ പ്രതിബദ്ധതയെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് ചൗധരിയുടെ പ്രസ്താവനയിൽ പ്രതികരിച്ചുകൊണ്ട് ടി.എം.സി രാജ്യസഭാ എം.പി സന്തനു സെൻ പറഞ്ഞു. പ്രോട്ടോക്കോളിന്റെ ഭാഗമായി ജി 20 വേളയിൽ അത്താഴത്തിൽ പങ്കെടുക്കാൻ സംസ്ഥാന മുഖ്യമന്ത്രി എപ്പോൾ പോകുമെന്ന് ചൗധരി തീരുമാനിക്കേണ്ടതില്ലെന്നും സെൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.