അക്രമികളുടെ സ്പോൺസർ ബി.ജെ.പി എം.പി -ശശി തരൂർ
text_fieldsന്യൂഡൽഹി: പാർലമെന്റിലെ പ്രതിഷേധത്തിൽ ബി.ജെ.പിക്കെതിരെ ഗുരുതരമായ ആരോപണവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. സുരക്ഷാവീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശദമായ മറുപടി വേണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. ഭരണകക്ഷി എം.പിയുടെ പിന്തുണയോടെ എത്തിയ അക്രമികൾ സ്മോക്ക് പിസ്റ്റളുമായെത്തിയത് ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്നും തരൂർ ചൂണ്ടിക്കാട്ടി.
സുരക്ഷാവീഴ്ച വ്യക്തമായതിനാൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി പറഞ്ഞു. പാർലമെന്റിലെ സുരക്ഷാസംവിധാനം ഈവിധത്തിൽ തകർക്കാനാകുമെങ്കിൽ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
അക്രമികൾ ആരുടെ അതിഥിയാണെന്ന് അന്വേഷിക്കണമെന്ന് രാജസ്ഥാനിൽ നിന്നുള്ള രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എം.പി ഹനുമാൻ ബേനിവാൾ അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് അക്രമികളെ പിടികൂടിയത്. 150ഓളം എം.പിമാർ ആ സമയത്ത് സഭയിലുണ്ടായിരുന്നെന്നും ഹീറോയാകാമെന്നുകരുതി വന്നവരെ തങ്ങൾ പാഠം പഠിപ്പിച്ചെന്നും ബേനിവാൾ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഖലിസ്താൻവാദികളുടെ ഭീഷണി നിലനിന്നിട്ടും സുരക്ഷാവീഴ്ചയുണ്ടായത് ഗൗരവതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാർലമെന്റ് മന്ദിരത്തിലെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകൾ നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നതായി ആർ.ജെ.ഡി എം.പി മനോജ് ഝാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.