'സ്കൂട്ടറിൽ ഒരു കുടുംബം, ഇടയിൽ ഞെരിഞ്ഞ് ഒരു കുഞ്ഞ്'; രത്തൻ ടാറ്റ പറഞ്ഞ 'നാനോ' കാറിന്‍റെ പിറവിക്ക് പിന്നിലെ കഥ
text_fieldsമനുഷ്യസ്നേഹിയായ വ്യവസായി എന്നറിയപ്പെട്ടിരുന്ന രത്തൻ ടാറ്റക്ക് സാധാരണക്കാരന്‍റെ ജീവിതത്തെ കുറിച്ചുള്ള ഏറ്റവും വലിയ കരുതലിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണ് ടാറ്റ നാനോ എന്ന കുഞ്ഞൻ കാർ. സാധാരണക്കാർക്കും കുറഞ്ഞ വരുമാനക്കാർക്കും വാങ്ങാൻ കഴിയുന്ന വിലയിൽ ഒരു കാർ അവതരിപ്പിക്കുകയെന്നത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. അങ്ങനെയാണ് 2008ൽ നാനോ കാർ ഇന്ത്യൻ വിപണിയിലെത്തിയത്.
നാനോ കാർ എന്ന ആശയത്തിലേക്ക് താൻ എങ്ങനെയെത്തി എന്നത് സംബന്ധിച്ച് പലപ്പോഴും രത്തൻ ടാറ്റ വിശദീകരിച്ചിട്ടുണ്ട്. ഒരിക്കൽ സമൂഹമാധ്യമങ്ങളിലൂടെയും അദ്ദേഹം ഇത് വെളിപ്പെടുത്തിയിരുന്നു. സ്ഥിരം യാത്രകളിൽ തിരക്കേറിയ റോഡുകളിൽ കണ്ടുമുട്ടുന്ന സാധാരണക്കാരായ കുടുംബത്തിന്‍റെ കാഴ്ചയാണ് നാനോ കാറിലേക്കെത്തിച്ചത്. 'അച്ഛനും അമ്മയും കുട്ടിയും അടങ്ങുന്ന സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന കുടുംബം. എല്ലാ യാത്രകളിലും അച്ഛന്റെയും അമ്മയുടെയും മധ്യത്തില്‍ ആ കുട്ടി ഞെരിഞ്ഞമര്‍ന്നിരിക്കുന്നത് കാണുമായിരുന്നു. മഴയിലും വെയിലിലും എല്ലാ കാലാവസ്ഥയിലും വഴുവഴുപ്പുള്ള റോഡിലുമെല്ലാം അവര്‍ ഇങ്ങനെയാണ് യാത്ര ചെയ്തിരുന്നത്. ഇരുചക്രവാഹനങ്ങളിലെ യാത്രകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിച്ചുതുടങ്ങിയത് അപ്പോഴാണ്. ഇരുചക്ര വാഹനത്തിന് നാല് ചക്രങ്ങളുള്ള ചിത്രങ്ങൾ വരച്ചുതുടങ്ങി. ഇതിൽ നിന്നാണ് നാനോ എന്ന കുഞ്ഞൻ കാറിന്‍റെ പിറവി -രത്തൻ ടാറ്റ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെയെത്തിയ നാനോ കാറിന് പക്ഷേ, ഇന്ത്യൻ വിപണി പ്രതീക്ഷിച്ച വരവേൽപ്പല്ല നൽകിയത്. ഒരു ലക്ഷം രൂപയുടെ കാർ എന്ന വിശേഷണവുമായാണ് നാനോ എത്തിയത്. ഇന്ത്യൻ വാഹനരംഗത്ത് നാനോകാർ വിപ്ലവം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാധാരണക്കാരുടെ വിശ്വാസം നേടിയെടുക്കാൻ നാനോയ്ക്ക് സാധിച്ചില്ല. വിലകുറഞ്ഞ കാർ എന്ന നിലയിൽ അവതരിപ്പിച്ചതാണ് നാനോയ്ക്ക് തിരിച്ചടിയായതെന്ന് പിന്നീട് രത്തൻ ടാറ്റാ തന്നെ തുറന്നു പറഞ്ഞിരുന്നു. ഒടുവിൽ 2018ന്‍റെ അവസാനത്തോടെ ടാറ്റ നാനോ കാറിന്‍റെ ഉൽപ്പാദനം അവസാനിപ്പിക്കുകയായിരുന്നു.
നാനോക്കും പത്തുവർഷം മുമ്പ് ഇന്ത്യൻ നിരത്തിലിറങ്ങിയ ടാറ്റയുടെ ‘ഇൻഡിക്ക’ തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ച ആദ്യ പാസഞ്ചർ വാഹനമെന്ന പേരുനേടി. അതിന് പിന്നിലും രത്തൻ ടാറ്റയായിരുന്നു. ഇൻഡിക്ക അതിവേഗം പോപ്പുലറായി. വാഹനവിപണിയുടെ വലിയൊരു ഷെയർ ‘ഇൻഡിക്ക’ പിടിക്കുന്ന സ്ഥിതിയുണ്ടായി. തുടർന്ന് പല കാറുകൾക്കും വില കുറക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.