‘വിചിത്ര ഉത്തരവ് മനുസ്മൃതി ഓർമിപ്പിച്ച ജഡ്ജിയുടേത്’
text_fieldsന്യൂഡൽഹി: ബലാത്സംഗത്തിനിരയായ ബാലിക ഗർഭച്ഛിദ്രത്തിന് അനുമതിതേടിയപ്പോൾ 17 വയസ്സിൽ പെൺകുട്ടികൾ പ്രസവിച്ചിട്ടുണ്ടെന്നും അതറിയാൻ മനുസ്മൃതി വായിക്കണമെന്നും പറഞ്ഞ ഗുജറാത്ത് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സമീർ ദവെ ആണ് 25കാരിയായ അതിജീവിത ഗർഭച്ഛിദ്രത്തിന് വന്നപ്പോഴും വിചിത്രവിധി പുറപ്പെടുവിച്ചത്. ഗുജറാത്ത് ഹൈകോടതിയിൽ എന്താണ് സംഭവിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ അതിജീവിതക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സഞ്ജയ് പരീഖ് ആണ് ഇക്കാര്യം സുപ്രീംകോടതിയിൽ അറിയിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ബലാത്സംഗ കേസിൽ മനുസ്മൃതി ഓർമിപ്പിച്ച ഈ ജഡ്ജി സമാനമായ ഉത്തരവുകൾ വേറെയും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സഞ്ജയ് പരീഖ്, ജസ്റ്റിസ് ബി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. 16കാരിക്കും ഗർഭത്തിലുള്ള ഭ്രൂണത്തിനും ആരോഗ്യമുണ്ടെങ്കിൽ ഗർഭച്ഛിദ്രം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് ചെറിയ പ്രായത്തിൽ പ്രസവിച്ചതറിയാൻ മനുസ്മൃതി വായിക്കണമെന്ന് കഴിഞ്ഞ ജൂണിൽ ജഡ്ജി ആവശ്യപ്പെട്ടത്.
വിചിത്ര ഉത്തരവ് മാറ്റിനിർത്തിയാൽ ഗുജറാത്ത് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സമീർ ദവെ ഏറ്റവും നല്ല ജഡ്ജിയാണെന്ന് ഗുജറാത്ത് സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത് ഖണ്ഡിച്ചാണ് സഞ്ജയ് പരീഖ് വിവാദ നടപടികൾ കോടതിയെ ഓർമിപ്പിച്ചത്.
ഏത് ജഡ്ജിയാണ് ഈ ഉത്തരവ് പുറപ്പെടുവിപ്പിച്ചത് എന്നതല്ല ഏത് തരത്തിലാണ് ഈ വിഷയം കൈകാര്യം ചെയ്തത് എന്നതാണ് തങ്ങളുടെ വിഷയമെന്നും ജസ്റ്റിസ് നാഗരത്ന, തുഷാർ മേത്തയോട് പറഞ്ഞു. വ്യക്തത വരുത്താനായിരുന്നു ഒടുവിലത്തെ ഉത്തരവ് എന്ന് തുഷാർ മേത്ത പറഞ്ഞപ്പോൾ അത്തരമൊരു ഉത്തരവിറക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് നാഗരത്ന മറുപടി നൽകി.
ഈ വിമർശനം ഹൈകോടതി ജഡ്ജിമാരെ നിരുത്സാഹപ്പെടുത്തുമെന്നും ആത്മവീര്യം ചോർത്തുമെന്നും അതിനാൽ ജഡ്ജിയെ ബാധിക്കുന്ന പരാമർശങ്ങൾ നടത്തരുതെന്നും മേത്ത വാദിച്ചു.രാഹുൽ ഗാന്ധിയുടെ ഹരജി തള്ളി ഗുജറാത്ത് ഹൈകോടതി നടത്തിയ അഭിപ്രായപ്രകടനങ്ങളെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ഗുജറാത്ത് ഹൈകോടതികളുടെ പല വിധികളും കൗതുകകരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.