സമരം കടുപ്പിക്കും; ട്രാക്ടർ റാലി ഇന്ന്
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ ട്രാക്ടർ റാലി ഇന്ന് നടക്കും. അടുത്ത രണ്ടാഴ്ചത്തേക്ക് സമരം കൂടുതൽ ശക്തമാക്കുമെന്നും റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡിന് ഒരുങ്ങുന്ന കർഷക സംഘടനകൾ വ്യക്തമാക്കി. അതേസമയം, കാർഷിക പരിഷ്കരണങ്ങൾക്ക് പിന്നിലുള്ള വികാരം സമരം ചെയ്യുന്ന കർഷകർ മനസ്സിലാക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടറുകളുമായി ഡൽഹിയിൽ നടത്താനിരിക്കുന്ന പരേഡിെൻറ 'ട്രെയിലർ' ആണ് വ്യാഴാഴ്ചത്തെ ട്രാക്ടർ റാലി എന്ന് സ്വരാജ് ഇന്ത്യ അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. സമരം നടക്കുന്ന ഡൽഹിയുടെ നാല് അതിർത്തികളിലും മാർച്ച് നടക്കും. കാർഷിക നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതി നീട്ടിവെച്ചതിന് പിറകെ സമരത്തെ പിന്തുണച്ച് വലിയൊരു വിഭാഗം കർഷകർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് തങ്ങളെ കാണുന്നുണ്ടെന്ന് കൃഷി മന്ത്രി തോമർ ബുധനാഴ്ച അവകാശപ്പെട്ടു.
കർഷക സമരം ഉടൻ അവസാനിക്കുമെന്ന് പ്രധാനമന്ത്രിയെ കണ്ട ശേഷം പഞ്ചാബിലെ ബി.ജെ.പി നേതാക്കൾ പറഞ്ഞു. നല്ലത് സംഭവിക്കുമെന്നും എന്നാൽ മോദി ചർച്ചയിൽ എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തില്ലെന്നും ബി.ജെ.പി നേതാക്കൾ കൂട്ടിച്ചേർത്തു.
അതിനിടെ, ഭട്ടിൻഡ ജില്ലയിലെ മണ്ഡികാല സ്വദേശി മൻപ്രീത് സിങ് കർഷക സമരത്തിലെ ഒടുവിലത്തെ രക്തസാക്ഷിയായെന്ന് കർഷക നേതാക്കൾ അറിയിച്ചു. ഇതോടെ അതിർത്തിയിൽ കർഷക സമരത്തിനെത്തി മരിച്ചവരുടെ എണ്ണം 69 ആയി. 12 ദിവസമായി സിംഘു അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന മൻപ്രീത് സിങ് സ്വന്തം ട്രാക്ടർ സമരസ്ഥലത്ത് നിർത്തിയിട്ട് ഭട്ടിൻഡയിലേക്ക് വസ്ത്രങ്ങളെടുക്കാൻ പോയതായിരുന്നുവെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.