വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവം; നടുക്കവും രോഷവും പ്രകടിപ്പിച്ച് രാജ്യം
text_fieldsമുസ്ലിം കുട്ടിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം. അധ്യാപികയുടെ നടപടിക്കെതിരെ രാഷ്ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും ഉൾപ്പെടെ രംഗത്തുവന്നു.
ഇതിലും മോശം ഒരു അധ്യാപികക്ക് ചെയ്യാനില്ല -രാഹുൽ ഗാന്ധി
ഈ രാജ്യത്തിനായി ഇതിലും മോശപ്പെട്ടത് ഒരു അധ്യാപികക്ക് ഇനി ചെയ്യാനില്ലെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി. സ്കൂളിനെപ്പോലൊരു വിശുദ്ധമായ ഇടത്തെ വിദ്വേഷത്തിന്റെ ചന്തയാക്കി അധ്യാപിക മാറ്റി. വിവേചനത്തിന്റെ വിഷം നിഷ്കളങ്കരായ കുഞ്ഞുമനസ്സുകളിൽ വിതക്കുകയാണ് അവർ ചെയ്തത്.
രാജ്യത്തിന്റെ മുക്കിലും മൂലയിലും ബി.ജെ.പി ഒഴിച്ച അതേ മണ്ണെണ്ണക്കാണ് തീപിടിച്ചുകൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ ഭാവിയായ കുട്ടികൾക്ക് വിദ്വേഷമല്ല, എല്ലാവരെയും കൂട്ടിപ്പിടിച്ചുള്ള സ്നേഹമാണ് പഠിപ്പിക്കേണ്ടതെന്നും രാഹുൽ ആവശ്യപ്പെട്ടു.
തൃപ്ത ത്യാഗിയെ ശിക്ഷിക്കാൻ അധ്യാപകർ ശബ്ദമുയർത്തണം -അഖിലേഷ്
ബി.ജെ.പി സർക്കാറിന്റെ വിദ്വേഷ അജണ്ട എന്തുമാത്രം യാഥാർഥ്യമായെന്ന് ജി 20 ഉച്ചകോടിയിൽ കാണിക്കാൻ അധ്യാപികയുടെ വിഡിയോ ഉപകരിക്കുമെന്ന് യു.പി മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്. വിദ്യാർഥിയെ ആക്രമിക്കുകയും മറ്റുള്ളവരെക്കൊണ്ട് അക്രമം നടത്തിക്കുകയും ചെയ്ത ഇരട്ടക്കുറ്റമാണ് അധ്യാപിക ചെയ്തത്.
കഴിഞ്ഞ ഒമ്പതുവർഷം കൊണ്ട് രാജ്യത്ത് ഉൽപാദിപ്പിക്കപ്പെട്ട വിദ്വേഷത്തിന്റെ അനന്തര ഫലമാണ് സംഭവമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു.
‘അഴിക്കുള്ളിലാക്കുമോ അവാർഡ് നൽകുമോ?’
മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച അധ്യാപികയെ ജയിലിലടക്കുമോ അതേ ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിച്ചതിനുള്ള ദേശീയ അവാർഡ് നൽകുമോ എന്ന് പ്രമുഖ നടി രേണുക സഹാനെ ചോദിച്ചു. ചലച്ചിത്ര താരങ്ങളായ ഊർമിള മന്ദോദ്കറും സ്വര ഭാസ്കറും അപലപിച്ച് ട്വീറ്റ് ചെയ്തു.
‘ഏതുതരം ക്ലാസ് മുറിയാണ് നാം ഭാവി തലമുറക്ക് നൽകുന്നത് ?
ഭാവിതലമുറക്ക് ഏതുതരം സമൂഹവും ക്ലാസ് മുറിയുമാണ് നാം നൽകാനാഗ്രഹിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ചന്ദ്രനിലേക്ക് പോകുന്ന സാങ്കേതിക വിദ്യ പകർന്നുകൊടുക്കേണ്ട ഇടത്തിൽ വിദ്വേഷത്തിന്റെ ചുറ്റുമതിൽ കെട്ടുന്ന കാര്യങ്ങളാണ് സംസാരിക്കുന്നത്. വിദ്വേഷമാണ് പുരോഗതിയുടെ ഏറ്റവും വലിയ ശത്രുവെന്ന് പ്രിയങ്ക ഓർമിപ്പിച്ചു.
വിഡിയോ നീക്കിയാൽ യാഥാർഥ്യം മാറില്ല -റാണ അയ്യൂബ്
ഇന്റർനെറ്റിൽനിന്ന് വിഡിയോ നീക്കിയതുകൊണ്ട് യാഥാർഥ്യം മാറില്ലെന്ന് പ്രമുഖ മാധ്യമ പ്രവർത്തക റാണ അയ്യൂബ് പ്രതികരിച്ചു. കമീഷൻ പറഞ്ഞപോലെ താൻ വിഡിയോ മായ്ച്ചുവെന്നും അടിയേറ്റ കുട്ടിക്ക് എന്ത് നീതിയാണ് ലഭിക്കുന്നതെന്നറിയാൻ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.