സർക്കാറിന് സുപ്രിം കോടതി നിർദേശം കുടിയേറ്റ, അസംഘടിത തൊഴിലാളികൾക്ക് മൂന്ന് മാസത്തിനകം റേഷൻ കാർഡ് നൽകണം
text_fieldsന്യൂഡൽഹി: ‘ഇ-ശ്രം’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കുടിയേറ്റ, അസംഘടിത തൊളിലാളികൾക്കും മൂന്ന് മാസത്തിനകം റേഷൻ കാർഡുകൾ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു.
പോർട്ടലിൽ കൂടുതൽ പേർ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. റേഷനും സമൂഹ അടുക്കളയും നടപ്പാക്കാനുള്ള 2021ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സർക്കാറിനും ഏതാനും സംസ്ഥാന സർക്കാറുകൾക്കുമെതിരെ ഭക്ഷ്യസുരക്ഷ കാമ്പയിൻ നടത്തുന്ന ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, ജഗ്ദീപ് ഛോക്കർ എന്നിവർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
സെൻസസ് നടത്താത്തത് മൂലം 10 കോടി ആളുകളെങ്കിലും ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന്റെ പരിധിക്ക് പുറത്താണെന്ന് ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. 2011ലെ സെൻസസിന്റെ സ്ഥിതിവിവര കണക്കിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷ നിയമം ഇപ്പോഴും നടപ്പാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് ‘ഇ-ശ്രം’ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മുഴുവനാളുകൾക്കും റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് ബെഞ്ച് മൂന്ന് മാസം കൂടി നൽകുകയായിരുന്നു.
കാർഡ് കിട്ടാത്തവർക്ക് ജില്ല കലക്ടർമാർ മുഖേന അവ ലഭ്യമാക്കാൻ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നടപടിയെടുക്കണമെന്നും കൂടുതൽ ആളുകൾ ‘ഇ-ശ്രം’ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ പരമാവധി പരസ്യം നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. റേഷൻ കാർഡുകൾ ലഭിക്കുന്നത് വഴി വിവിധ കേന്ദ്ര, സംസ്ഥാന സർക്കാർ പദ്ധതികളുടെയും ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന്റെയും ഗുണം അവർക്ക് ലഭിക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.