വാക്സിൻ വിലയിൽ ഇടപെടാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ വിലയിൽ ഇടപെടാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഡ്രഗ്സ് കൺട്രോൾ ആക്ട് പ്രകാരം കേന്ദ്രത്തിന് വിഷയത്തിൽ ഇടപെടാമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
അഞ്ച് കാര്യങ്ങളിൽ വ്യക്തത വരുത്താൻ കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വാക്സിന് കേന്ദ്രത്തിലും സംസ്ഥാനത്തും വ്യത്യസ്ത വിലകൾ വരുന്നത് സംബന്ധിച്ച്, 18നും 45നും ഇടയിലുള്ളവർക്ക് നൽകാനുള്ള വാക്സിന്‍റെ ലഭ്യത ഉറപ്പാക്കുന്നത് സംബന്ധിച്ച്, ഒാക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ, അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നത്, ജില്ല കലക്ടർമാർ മുതൽ ആരോഗ്യ മന്ത്രാലയം വരെയുള്ള ഏകോപനം ഏത് രീതിയിൽ നടക്കുന്നു എന്നീ കാര്യങ്ങളിലാണ് കേന്ദ്ര സർക്കാർ വിശദീകരണം നൽകേണ്ടത്.
വ്യാഴാഴ്ച ആറു മണിക്ക് മുമ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വാക്സിൻ നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് സുപ്രീംകോടതി നടപടി. വാക്സിന് കമ്പനികൾ പല വില ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയ കോടതി, വാക്സിൻ നിർമാണ കമ്പനികൾക്ക് നോട്ടീസ് അയച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കുന്നതിനായി കോടതി മാറ്റി.
രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധിയെ നേരിടേണ്ട സമയത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആരോപിച്ചു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളെ ഒാക്സിജന്‍റെ കാര്യത്തിൽ പുകഴ്ത്തുന്നത് തന്നെ ഇതിന്‍റെ ഉദാഹരണമാണെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.