രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി അടക്കമുള്ളവരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മാനനഷ്ടകേസിൽ രണ്ട് വർഷം തടവിന് ശിക്ഷിച്ച ജഡ്ജി അടക്കമുള്ളവരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി സ്റ്റേ ചെയ്തു. സൂറത്ത് കോടതി ജഡ്ജി ഹരീഷ് ഹസ്മുഖ്ഭായ് വർമ അടക്കം 68 പേർക്ക് അസാധാരണമായ അടിയന്തര സ്വഭാവത്തിൽ സ്ഥാനക്കയറ്റം നൽകിയതാണ് കോടതി സ്റ്റേ ചെയ്തത്. സ്ഥാനക്കയറ്റത്തിനായി ഗുജറാത്ത് ഹൈകോടതി നൽകിയ ശിപാർശയും അത് അംഗീകരിച്ച് ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ വിജഞാപനവുമാണ് സ്റ്റേ ചെയ്തത്.
ജില്ല ജഡ്ജി നിയമന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേയാണ് കോടതി നടപടി മറികടന്ന് ജില്ല ജഡ്ജിമാരാക്കാനുള്ള സ്ഥാനക്കയറ്റത്തിനുള്ള ശിപാർശയും വിജഞാപനവുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി. അടിയന്തര സ്ഥാനക്കയറ്റം ലഭിച്ച 68 പേരിൽ രാഹുൽ ഗാന്ധിക്കെതിരായ വിധി പുറപ്പെടുവിച്ച ഹരീഷ് ഹസ്മുഖ്ഭായിക്ക് രാജ്കോട്ട് ജില്ല അഡീഷനൽ ജഡ്ജിയായാണ് സ്ഥാനക്കയറ്റം നൽകിയിരുന്നത്. സുപ്രീംകോടതി വിധിയോടെ അത് റദ്ദായി.
ഗുജറാത്ത് സർക്കാറിന്റെ സെക്രട്ടറിയോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയ സുപ്രീംകോടതി ഗുജറാത്ത് ഹൈകോടതിയുണ്ടാക്കിയ സ്ഥാനക്കയറ്റ പട്ടികയും ഗുജറാത്ത് സർക്കാർ ഇറക്കിയ നിയമന വിജഞാപനവും അന്തിമമായി സുപ്രീംകോടതി വിധിയെ ആശ്രയിച്ചിരിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈകോടതിയുടെ സ്ഥാനക്കയറ്റ പട്ടികയിലെ നിയമനത്തിനെതിരെ മാർച്ച് 28ന് സുപ്രീംകോടതിയിൽ കേസ് എത്തിയിട്ടും ഏപ്രിൽ 18ന് ഗുജറാത്ത് സർക്കാർ തിരക്കിട്ട് നിയമന വിജഞാപനം പുറപ്പെടുവിച്ചത് കോടതി പ്രക്രിയയെ മറികടക്കാനുള്ള നീക്കമാണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. അതിനാൽ സ്ഥാനക്കയറ്റ പട്ടികയുണ്ടാക്കിയത് സിനിയോറിറ്റിയോടൊപ്പം യോഗ്യത പരിഗണിച്ചാണോ അതല്ല, യോഗ്യതക്കൊപ്പം സീനിയോറിറ്റി പരിഗണിച്ചാണോ എന്ന് അറിയിക്കാൻ ഗുജറാത്ത് ഹൈകോടതിയോടും സുപ്രീംകോടതി നിർദേശിച്ചു.
പരീക്ഷയിലെ മാർക്കും സീനിയോറിറ്റിയും പരിഗണിക്കാതെ തിരക്കിട്ട് നടത്തിയ സ്ഥാനക്കയറ്റത്തിനെതിരെ ഗുജറാത്തിൽ മുതിർന്ന സിവിൽ ജഡ്ജിമാരുടെ കേഡറിലുള്ള രവികുമാർ മേത്തയും സചിൻ പ്രതാപ് റായ് മേത്തയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. നിയമനം റദ്ദാക്കാൻ സുപ്രീംകോടതിയിലെത്തിയ രവികുമാർ ഗുജറാത്ത് സർക്കാറിലെ നിയമ വകുപ്പ് അണ്ടർ സെക്രട്ടറിയും സചിൻ പ്രതാപ് റായ് ഗുജറാത്ത് നിയമ സേവന അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടറുമാണ്. ഉയർന്ന മാർക്ക് കിട്ടിയ നിരവധി പേരെ മാറ്റി നിർത്തിയാണ് മാർക്ക് കുറഞ്ഞ പലർക്കും സ്ഥാനക്കയറ്റം നൽകിയതെന്ന് ഇരുവരും സുപ്രീംകോടതിയെ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.