ഹിന്ദു ജൻ ആക്രോശ് റാലി വിഡിയോവിൽ പകർത്തി ഹാജരാക്കാൻ സുപ്രീംകോടതി ഉത്തരവ്
text_fieldsമുംബൈ: ‘ലവ് ജിഹാദി’ന് എതിരായ ഹിന്ദു ജൻ ആക്രോശ് സംഘടന നടത്തുന്ന റാലിക്ക് അനുമതി നൽകുകയാണെങ്കിൽ വിദ്വേഷ പ്രസംഗങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ മഹാരാഷ്ട്ര സർക്കാറിന് നിർദേശം നൽകിയ സുപ്രീംകോടതി റാലി വിഡിയോവിൽ പകർത്തി ഹാജരാക്കാനും ഉത്തരവിട്ടു. ഞായറാഴ്ച മുംബൈയിലാണ് ഹിന്ദു ജൻ ആക്രോശ് റാലി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 28ന് മുംബൈയിൽ നടന്ന റാലിയിൽ മുസ്ലിംകളെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്കരിക്കണമെന്ന് ബി.ജെ.പി എം.എൽ.എ രാജ സിങ് ആഹ്വാനം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി റാലി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസുമാരായ കെ.എം ജോസഫ്, അനിരുദ്ധ് ബോസ്, ഹൃഷികേശ് റോയ് എന്നിവരുടെ ബെഞ്ചാണ് വെള്ളിയാഴ്ച ഉത്തരവിട്ടത്. വിവാദ പ്രസംഗം നടത്തിയ എം.എൽ.എക്ക് എതിരെ എന്ത് നിയമനടപടി എടുത്തെന്ന് അറിയിക്കാനും കോടതി നിർദേശിച്ചു.
റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയാൽ അവർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്രക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിക്ക് ഉറപ്പ് നൽകി. റാലി തടഞ്ഞാൽ അത് മുൻകൂട്ടിയുള്ള സെൻസർഷിപ്പാകുമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.