വിവാഹാലോചന മുന്നോട്ടുപോയില്ലെങ്കിൽ വഞ്ചിച്ചതായി കണക്കാക്കാനാകില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവാഹം ആലോചിച്ചെങ്കിലും എന്നാൽ അത് വിവാഹത്തിലെത്താതിരുന്നതിനെ തുടർന്ന് യുവാവിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. പെൺകുട്ടികളുടെ വീട്ടിലേക്ക് വിവാഹാലോചനകളുമായി യുവാക്കൾ എത്തുന്നത് സാധാരണയാണെന്നും എന്നാൽ അതിൽ പലതും വിവാഹത്തിൽ കലാശിക്കണമെന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ ഇത് വഞ്ചനയായി കണക്കാക്കാനാകില്ല. വിവാഹാലോചനകൾക്ക് മുൻകൈയെടുക്കാനും ഒടുവിൽ അത് വേണ്ടെന്നുവെക്കാനും നിരവധി കാരണങ്ങളുണ്ടെന്ന് ജസ്റ്റിസുമാരായ സുധാൻശു ധൂലിയയും പ്രസന്ന ബി. വരാലെയുമടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
തനിക്കെതിരെ വഞ്ചനക്ക് കുറ്റം ചുമത്തിയ 2021 ലെ കർണാടക ഹൈകോടതി ഉത്തവിനെതിരെ രാജുകൃഷ്ണ ഷെഡ്ബാൽക്കർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഒരു വർഷമോ അതിലധികമോ വർഷം തടവും പിഴയും ലഭിക്കാവുന്ന 417 ാം വകുപ്പ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്നാണ് കർണാടക ഹൈകോടതി വിധിച്ചത്.
വിവാഹം കഴിക്കാതെ വഞ്ചിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിൽ രാജു കൃഷ്ണക്കെതിരെയും അദ്ദേഹത്തിന്റെ സഹോദരങ്ങൾക്കും സഹോദരിക്കുക്കും അമ്മക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. തനിക്ക് അനുയോജ്യനായ ആളാണ് കൃഷ്ണയെന്ന് വീട്ടുകാർ തീരുമാനിച്ചു. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ ചർച്ചകളും നടന്നു. 75000 രൂപ കൊടുത്ത് പിതാവ് വിവാഹ വേദി ബുക്ക് ചെയ്യുക പോലും ചെയ്തു. എന്നാൽ കൃഷ്ണ മറ്റൊരാളെ വിവാഹം കഴിച്ചതായി പിന്നീട് മനസിലാക്കിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.
രാജു കൃഷ്ണ ഒഴികെയുള്ള മറ്റ് പ്രതികൾക്കെതിരായ കേസുകൾ കർണാടക ഹൈകോടതി റദ്ദാക്കിയിരുന്നു. വിവാഹചർച്ചകൾ നടത്തി ഒടുവിൽ വേദി വരെ ബുക്ക് ചെയ്ത സ്ഥിതിയിലേക്ക് എത്തിച്ചതിൽ കൃഷ്ണ കുറ്റക്കാരനാണെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തൽ. എന്നാൽ യുവാവ് വഞ്ചിച്ചുവെന്ന് തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നും വിലയിരുത്തി. അതിനാൽ 417ാം വകുപ്പ് പ്രകാരം കുറ്റം ചുമത്താൻ കഴിയില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.