ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി; സുബ്ബുലക്ഷ്മി അവാർഡ് ടി.എം കൃഷ്ണക്ക് നൽകും
text_fieldsചെന്നൈ: ‘സംഗീത കലാനിധി എം.എസ് സുബ്ബുലക്ഷ്മി അവാർഡ്’ സംഗീതജ്ഞൻ ടി.എം കൃഷ്ണക്ക് നൽകാൻ മദ്രാസ് മ്യൂസിക് അക്കാദമിക്കും ‘ദ ഹിന്ദുവി’നും അനുമതി നൽകിയ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജി അടിയന്തരമായി കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഈ സാഹചര്യത്തിൽ അവാർഡ് സമർപ്പണ ചടങ്ങ് നേരത്തേ നിശ്ചയിച്ച പ്രകാരം ഡിസംബർ 15ന് നടക്കും.
എം.എസ്. സുബ്ബുലക്ഷ്മിയുടെ പാരമ്പര്യത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ ടി.എം. കൃഷ്ണ നടത്തിയിട്ടുണ്ടെന്നും അതിനാൽ അദ്ദേഹത്തിന് ഈ അവാർഡിന് അർഹതയില്ലെന്നും ആരോപിച്ച് സുബ്ബുലക്ഷ്മിയുടെ ചെറുമകനായ വി. ശ്രീനിവാസനാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.
പുരസ്കാരത്തിന് സുബ്ബുലക്ഷ്മിയുടെ പേരുപയോഗിക്കുന്നത് വിലക്കിയ സിംഗ്ൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. തന്റെ പേരിൽ സ്മാരകമോ, ട്രസ്റ്റോ, ഫൗണ്ടേഷനോ പോലുള്ളവ സ്ഥാപിക്കരുതെന്ന് സുബ്ബുലക്ഷ്മി വിൽപത്രത്തിൽ നിഷ്കർഷിച്ചിരുന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജി. ജയചന്ദ്രൻ മദ്രാസ് മ്യൂസിക് അക്കാദമിയും ‘ദ ഹിന്ദു’വും നൽകുന്ന ലക്ഷം രൂപയുള്ള ‘സംഗീത കലാനിധി എം.എസ്.സുബ്ബുലക്ഷ്മി’ അവാർഡ് നൽകരുതെന്ന് ഉത്തരവിട്ടത്.
സുബ്ബുലക്ഷ്മിയുടെ പേര് ഒഴിവാക്കി അവാർഡ് നൽകാമെന്നും കോടതി വിധിച്ചു. ഇതിനെതിരായ അപ്പീലിൻമേൽ തന്റെ പേരിൽ അവാർഡ് നൽകരുതെന്ന് സുബ്ബുലക്ഷ്മി വിൽപത്രത്തിൽ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എസ്.എസ് സുന്ദറും ജസ്റ്റിസ് പി. ധനപാലുമടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്.
ഇതിനെത്തുടർന്നാണ് ഹൈകോടതി വിധിക്കെതിരെ വി. ശ്രീനിവാസൻ സുപ്രീംകോടതിയെ സമീപിച്ചത്. അടിയന്തര വാദം കേൾക്കുന്നതിനുള്ള ഹരജി ലിസ്റ്റ് ചെയ്യാൻ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖന്ന വിസമ്മതിച്ചു. അതേസമയം, ഹരജി തിങ്കളാഴ്ച പരിഗണിക്കും. ഹരജിയിൽ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ടാൽ പുരസ്കാരം തിരിച്ചുവാങ്ങാമെന്നും സുപ്രീംകോടതി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.