പ്രവാസി വോട്ട്: കേന്ദ്രത്തിന്റെ ഉറപ്പിൽ നിയമയുദ്ധത്തിന് അന്ത്യം
text_fieldsന്യൂഡൽഹി: പ്രവാസി വോട്ടിനുള്ള നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. വോട്ടു ചെയ്യാൻ സൈനികർക്ക് ഏർപ്പെടുത്തിയ ക്രമീകരണം പ്രവാസികൾക്ക് അവകാശപ്പെടാൻ പറ്റില്ലെന്നും രാജ്യത്തിനു വേണ്ടിയാണ് സൈനികർ സേവനം അനുഷ്ഠിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രവാസി ഇന്ത്യക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന കേന്ദ്ര സർക്കാറിന്റെ ഉറപ്പ് രേഖപ്പെടുത്തി ഇതുമായി ബന്ധപ്പെട്ട നിയമ പോരാട്ടത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ലളിതിന്റെ ബെഞ്ച് അന്ത്യം കുറിച്ചു.
പ്രവാസികൾക്ക് പ്രോക്‌സി വോട്ടിങ് ഏർപ്പെടുത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ നേരത്തേ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി ആവശ്യമാണെന്നും കമീഷൻ കോടതിയെ അറിയിച്ചു.
തുടർന്ന് നിയമ ഭേദഗതി ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കിയെങ്കിലും സർക്കാർ രാജ്യസഭയിൽ വെക്കാത്തതിനാല്‍ കാലഹരണപ്പെട്ടു. ഈ നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കാൻ സർക്കാറിനോട് നിർദേശിക്കാൻ കോടതിക്കു കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഇത് പാർലമെന്റിന്റെ അധികാരമാണ്. പ്രവാസി വോട്ട് അവകാശം ഉറപ്പാക്കുന്നതിന് ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന ഹരജിക്കാരുടെ വാദം അംഗീകരിക്കാനും ചീഫ് ജസ്റ്റിസ് തയാറായില്ല.
ദക്ഷിണ കേരളത്തിൽ വോട്ടുള്ള ഒരു വോട്ടർ ഡൽഹിയിലാണ് ജോലി ചെയ്യുന്നതെങ്കിൽ അവർക്കും വോട്ട് ചെയ്യാൻ സ്വന്തം ബൂത്തിലേക്ക് പോകേണ്ടിവരില്ലേ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസിനോട് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വോട്ട് ചെയ്യാൻ ക്രമീകരണം ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അറ്റോണി ജനറൽ അറിയിച്ചു.
പ്രവാസി ഇന്ത്യക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണം ഒരുക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി. തെരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിര്‍ത്തിയാകും ക്രമീകരണം ഒരുക്കുകയെന്നും അറ്റോണി ജനറൽ എം. വെങ്കിട്ട രമണി അറിയിച്ചു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഹരജികൾ തീർപ്പാക്കുകയും ചെയ്തു.
ഹരജിക്കാരായ ഷംഷീർ വയലിലിനുവേണ്ടി അഡ്വ. ഹാരിസ് ബീരാനും കേരള പ്രവാസി അസോസിയേഷനുവേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.