തെരഞ്ഞെടുപ്പോ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനമോ നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പോ ഭരണഘടനാപരമായ ചുമതലയുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനമോ നിയന്ത്രിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിവിപാറ്റ് സംവിധാനം വഴിയുള്ള പേപ്പർ സ്ലിപ്പുകൾ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളിൽ (ഇ.വി.എം) രേഖപ്പെടുത്തിയ വോട്ടുകൾ പൂർണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
വോട്ടിങ് യന്ത്രത്തില്‍ ഹാക്കിങ്ങിനോ അട്ടിമറിക്കോ വ്യക്തമായ തെളിവില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തിൽ എങ്ങനെ നിർദേശം നൽകാനാവുമെന്നും ചോദിച്ച കോടതി, ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും അതിനാൽ അങ്ങനെ ചെയ്യാനാകില്ലെന്നും പറഞ്ഞു. കേസ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി. ഹരജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് കോടതിയിൽ ഹാജരായത്.
വിവിപാറ്റ് പ്രവർത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ മറുപടി നല്‍കിയിരുന്നു. പോളിങ്ങിന് ശേഷം വോട്ടിങ് മെഷിനും കണ്‍ട്രോള്‍ യൂനിറ്റും വിവി പാറ്റും മുദ്രവെക്കുമെന്നും മൈക്രോ കണ്‍ട്രോള്‍ പ്രോഗ്രാം ചെയ്യുന്നത് ഒരു തവണ മാത്രമാണെന്നും അറിയിച്ച തെരഞ്ഞെടുപ്പ് കമീഷൻ, ചിഹ്നം ലോഡ് ചെയ്യുന്ന യൂനിറ്റുകളുടെ കണക്കുകളും സുപ്രീംകോടതിയെ അറിയിച്ചു. വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനം വിശദീകരിക്കാൻ ഇന്ന് ഹാജരാകാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു.
മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ ഒരു കൃത്രിമവും കാണിക്കാൻ സാധിക്കില്ലെന്നും കമീഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ, ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.