സി.ബി.ഐക്കെതിരായ ഹരജികൾ നിലനിൽക്കും - സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ പശ്ചിമ ബംഗാളിൽ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സി.ബി.ഐക്കെതിരെ തൃണമൂൽ കോൺഗ്രസ് സർക്കാർ സമർപ്പിച്ച ഹരജികൾ നിലനിൽക്കുമെന്ന് സുപ്രീംകോടതി. കേന്ദ്ര സർക്കാറിനെതിരെ പശ്ചിമ ബംഗാൾ സമർപ്പിച്ച ഹരജി നിലനിൽക്കില്ലെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം തള്ളിയ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേൾക്കാൻ ആഗസ്റ്റിലേക്ക് മാറ്റി.
പശ്ചിമ ബംഗാളിൽ കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്കുള്ള അനുമതി 2018 നവംബറിൽ സംസ്ഥാന സർക്കാർ എടുത്തുകളഞ്ഞിരുന്നു. എന്നാൽ, ഇതിനുശേഷവും അനുമതിയില്ലാതെ കേസെടുക്കുന്നത് സി.ബി.ഐ തുടർന്നു. തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി സി.ബി.ഐ മുന്നോട്ടുപോകുന്നതിനെതിരെയാണ് പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ അനുമതിയില്ലാതെ സി.ബി.ഐക്ക് കേസ് അന്വേഷണവുമായി മുന്നോട്ടുപോകാനാവില്ലെന്ന മമത സർക്കാറിന്റെ അഭിഭാഷകൻ കപിൽ സിബലിന്റെ വാദം ബെഞ്ച് അംഗീകരിച്ചു.
സി.ബി.ഐക്ക് സ്വതന്ത്രമായ നിയമ വ്യക്തിത്വമുണ്ടെന്നും കേന്ദ്ര സർക്കാറിന് പുറത്താണ് അതെന്നുമുള്ള സോളിസിറ്റർ ജനറലിന്റെ വാദം സുപ്രീംകോടതി തള്ളി. സി.ബി.ഐ സ്ഥാപിക്കാനാധാരമായ ഡൽഹി സ്പെഷൽ പൊലീസ് നിയമത്തിലെ നാലാം വകുപ്പിൽ അഴിമതി കേസുകളിലൊഴികെ സി.ബി.ഐയുടെ മേൽനോട്ടം കേന്ദ്ര സർക്കാറിനായിരിക്കുമെന്ന് പറയുന്നുണ്ട്. കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിറക്കുന്ന കേസുകൾ മാത്രമേ അന്വേഷിക്കാവൂവെന്ന് അതേ നിയമത്തിലെ മൂന്നാം വകുപ്പും പറയുന്നു.
സംസ്ഥാന സർക്കാറിന്റെ അനുമതിയില്ലാതെ അധികാരം പ്രയോഗിക്കാനാവില്ലെന്ന് ആറാം വകുപ്പും വ്യക്തമാക്കുന്നു. അതിനാൽ സി.ബി.ഐ കേന്ദ്ര സർക്കാറിന്റേതല്ല എന്ന മേത്തയുടെ വാദം സുപ്രീംകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.