ചോദ്യം ചെയ്തവരെ ഭരണഘടനയുടെ ആമുഖത്തിലെ ‘മതേതരത്വ’വും ‘സോഷ്യലിസ’വും പഠിപ്പിച്ച് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ‘മതേതരത്വം’ ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയായി ‘സങ്കീർണ്ണമായി നെയ്തെടുത്ത’താണെന്നും അത് തുല്യതക്കുള്ള അവകാശത്തിന്റെ ഒരു മുഖമാണെന്നും വ്യക്തമാക്കി സുപ്രീംകോടതി. 1976ൽ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ ‘സെക്കുലർ’, ‘സോഷ്യലിസ്റ്റ്’ എന്നിവ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത ഹരജികൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തിയത്. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികത്തിന്റെ വേളയിൽ കൂടിയാണിത്.
‘വികസനത്തെയും സമത്വത്തിനുള്ള അവകാശത്തെയും തടസ്സപ്പെടുത്തുന്ന സാഹചര്യത്തിൽ മതത്തിൽനിന്ന് ഉരുത്തിരിഞ്ഞതോ അതുമായി ബന്ധപ്പെട്ടതോ ആയ മനോഭാവങ്ങളും ആചാരങ്ങളും ഇല്ലാതാക്കുന്നതിനെ രാഷ്ട്രത്തിന്റെ ‘മതേതര’ സ്വഭാവം തടയില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെയും ജസ്റ്റിസ് സഞ്ജയ് കുമാറിന്റെയും ബെഞ്ച് നിരീക്ഷിച്ചു.
ഭേദഗതി നാലു പതിറ്റാണ്ടിലേറെ പിന്നിട്ടശേഷം ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പൊതുതാൽപര്യ ഹരജികളുടെ സമയക്രമത്തെ കോടതി ചോദ്യം ചെയ്തു. മതേതരത്വം എന്ന ആശയം അതിന്റെ സത്തയിൽ സമത്വത്തിനുള്ള അവകാശത്തിന്റെ ഒരു മുഖത്തെ പ്രതിനിധീകരിക്കുന്നു. ഭരണഘടനാ പദ്ധതിയുടെ മാതൃക ചിത്രീകരിക്കുന്ന അടിസ്ഥാന നൂലിഴകളാൽ സങ്കീർണ്ണമായി നെയ്തെടുത്തതാണത് -ബെഞ്ച് പറഞ്ഞു. രാജ്യത്തിന് സ്വന്തമായി ഒരു മതവും ഇല്ല. ഓരോരുത്തരും തെരഞ്ഞെടുത്ത മതം സ്വതന്ത്രമായി ഏറ്റുപറയാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശത്തോടൊപ്പം മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും എല്ലാ വ്യക്തികൾക്കും ഒരുപോലെ അർഹതയുണ്ട്. എല്ലാ പൗരന്മാരും അവരുടെ മതവിശ്വാസങ്ങൾ ഏതെന്നു പരിഗണിക്കാതെ തുല്യ സ്വാതന്ത്ര്യവും അവകാശങ്ങളും ആസ്വദിക്കുന്നു. ‘സോഷ്യലിസ്റ്റ്’ എന്ന പദത്തെ സംബന്ധിച്ചിടത്തോളം അത് രാഷ്ട്രത്തിന്റെ സാമ്പത്തിക നയം രൂപപ്പെടുത്തുമ്പോൾ സർക്കാറിന്‍റെ കൈകൾ കെട്ടിയിടുകയല്ല, മറിച്ച് സാമ്പത്തിക നീതിക്കും അവസര സമത്വത്തിനും വേണ്ടിയുള്ള രാജ്യത്തിന്റെ പ്രതിബദ്ധതക്ക് അടിവരയിടുകയാണെന്നും കോടതി കൂട്ടിച്ചേർത്തു.
1976ലെ അടിയന്തരാവസ്ഥ കാലത്ത് ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഉൾപ്പെടുത്തിയ 42ാം ഭേദഗതിയെയാണ് ഹരജിക്കാർ ചോദ്യം ചെയ്തത്. 1976ലെ ‘തിരുകിക്കയറ്റൽ’ 27 വർഷം മുമ്പ് അംഗീകരിച്ച ഭരണഘടനയെ ‘മുൻകാല പ്രാബല്യ’ത്തിലേക്ക് കൊണ്ടുവന്നുവെന്നതാണ് ഹരജിക്കാരുടെ ഒരു വാദം. മറ്റൊന്ന്, ഭരണഘടനാ അസംബ്ലി ‘മതേതരം’ എന്ന പദം ബോധപൂർവ്വം ഒഴിവാക്കി എന്നതാണ്. മൂന്നാമത്തേത്, ‘സോഷ്യലിസ്റ്റ്’ എന്ന വാക്ക് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾ തീരുമാനിക്കുന്നതിനുള്ള സർക്കാറിന്‍റെ തെരഞ്ഞെടുപ്പുകളെ പരിമിതപ്പെടുത്തുന്നു എന്നതാണ്. 1976 മാർച്ച് 18 ന് ലോക്‌സഭയുടെ സാധാരണ കാലാവധി അവസാനിച്ചതിനുശേഷം 1976 നവംബർ 2ന് അടിയന്തരാവസ്ഥക്കാലത്ത് ‘പാസാക്കിയ’തിനാൽ 42-ാം ഭേദഗതി ദുരുപയോഗം ചെയ്യപ്പെട്ടതും ഭരണഘടനാ വിരുദ്ധവുമാണെന്നും അവർ വാദിച്ചു.
എന്നാൽ, ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ് അധികാരത്തെ പ്രസ്തുത തീയതി വെട്ടിക്കുറക്കുകയോ നിയന്ത്രിക്കുകയോ ചെയ്യില്ലെന്ന് വാദം തള്ളിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു. ‘മുൻകാലപ്രാബല്യ’ വാദം അംഗീകരിക്കുകയാണെങ്കിൽ, ഭരണഘടനയുടെ ഏതെങ്കിലും ഭാഗത്ത് വരുത്തുന്ന എല്ലാ ഭേദഗതികൾക്കും അത് ഒരുപോലെ ബാധകമാകും. എന്നിട്ടും, ആർട്ടിക്കിൾ 368 പ്രകാരം ഭേദഗതികൾ വരുത്താനുള്ള പാർലമെന്റെിന്റെ അധികാരം അനിഷേധ്യമായി തുടരുന്നുവെന്നും അത് വെല്ലുവിളിക്കപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.
ഭരണഘടനയോ അതിന്റെ ആമുഖമോ ഒരു പ്രത്യേക സാമ്പത്തിക നയത്തിനുവേണ്ടി (അത് ഇടതോ വലതോ ആകട്ടെ) നിർബന്ധിക്കുന്നില്ല. പകരം, ‘സോഷ്യലിസ്റ്റ്’ എന്നത് ഒരു ക്ഷേമ രാഷ്ട്രമാകാനുള്ള രാഷ്ട്രത്തിന്റെ പ്രതിബദ്ധതയെയും അവസര സമത്വം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയെയും സൂചിപ്പിക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.
ഇന്ത്യ തുടർച്ചയായി ഒരു സമ്മിശ്ര സമ്പദ്‌വ്യവസ്ഥയെ സ്വീകരിച്ചു. അവിടെ സ്വകാര്യമേഖല വർഷങ്ങളായി അഭിവൃദ്ധി പ്രാപിക്കുകയും വികസിക്കുകയും വളരുകയും ചെയ്യുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവരും അധഃസ്ഥിതരുമായ വിഭാഗങ്ങളുടെ ഉന്നമനത്തിന് വ്യത്യസ്‌ത വഴികളിൽ ഗണ്യമായ സംഭാവന നൽകുന്നുവെന്നും അത് കൂട്ടിച്ചേർത്തു. ഇന്ത്യൻ ചട്ടക്കൂടിൽ ‘സോഷ്യലിസം’ സാമ്പത്തികവും സാമൂഹികവുമായ നീതിയുടെ തത്വം ഉൾക്കൊള്ളുന്നു. അതിൽ സാമ്പത്തികമോ സാമൂഹികമോ ആയ സാഹചര്യങ്ങൾ കാരണം ഒരു പൗരനും പിന്നാക്കം നിൽക്കുന്നില്ലെന്ന് ഭരണകൂടം ഉറപ്പാക്കുന്നു.
‘സോഷ്യലിസ്റ്റ്’, ‘സെക്യുലർ’ എന്നീ വാക്കുകൾ ആമുഖത്തിൽ അവിഭാജ്യമായിത്തീർന്ന 44 വർഷത്തിനുശേഷം 2020ലാണ് പൊതു താൽപര്യ ഹരജികൾ ഫയൽ ചെയ്തത് എന്നത് ഇവയുടെ ഉദ്ദേശ്യത്തെ സംശയാസ്പദമാക്കുന്നുവെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.