കെജ്‌രിവാളിന്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും
text_fieldsന്യൂഡൽഹി: മദ്യനയക്കേസിൽ എൻഫോഴ്സ്മെന്റ ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാവും ജാമ്യാപേക്ഷ പരിഗണിക്കുക. കെജ്രിവാളിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‍വി ഹാജരാകും. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കെജ്രിവാളിന്റെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറിയിച്ചിരുന്നത്.
മദ്യനയക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹരജി വ്യാഴാഴ്ച ഡല്‍ഹി ഹൈകോടതി തള്ളിയതിന് പിന്നാലെ ഇ.ഡി സംഘം വാറണ്ടുമായി ഇന്നലെ രാത്രി 7.05ന് ഔദ്യോഗിക വസതിയിൽ എത്തുകയും രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം 11.10ന് ഇ.ഡി ഓഫിസിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. കെജ്‌രിവാളിന്റെ രാജി ആവശ്യപ്പെടുന്നത് സംബന്ധിച്ച് ലെഫ്. ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജയിലിലിരുന്ന് ഭരിക്കുമെന്നാണ് എ.എ.പി നേതൃത്വം അറിയിച്ചിരിക്കുന്നത്.
അറസ്റ്റിൽ എ.എ.പിയും പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുണ്ട്. കെജ്‌രിവാളിന് പിന്തുണയുമായി പ്രമുഖ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കെജ്‌രിവാളിന്റെ കുടുംബവുമായി ഫോണിൽ സംസാരിച്ചു. അദ്ദേഹം ഇന്ന് കുടംബത്തെ സന്ദർശിച്ചേക്കും. ജനരോഷം നേരിടാൻ ബി.ജെ.പി ഒരുങ്ങിക്കോളൂ എന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മുന്നറിയിപ്പ്.
സംഘർഷഭരിതമായ ഡൽഹിയിൽ പ്രതിഷേധിച്ച നൂറുകണക്കിന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കെജ്രിവാളിന്റെ വസതിക്ക് മുന്നിലും ആം ആദ്മി ഓഫിസുകള്‍ക്ക് മുന്നിലുമടക്കം വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽ ബി.ജെ.പി ഓഫിസുകൾക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
കേസില്‍ മനീഷ് സിസോദിയ, എം.പിയായിരുന്ന സഞ്ജയ് സിങ്, കെ. കവിത എന്നിവര്‍ക്ക് പുറമെ അറസ്റ്റിലാകുന്ന നാലാമത്തെ പ്രമുഖനാണ് കെജ്‌രിവാള്‍. കെജ്രിവാൾ ജയിലിലിരുന്ന് ഭരിക്കുമെന്ന് എ.എ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.