സി.എ.എക്കെതിരായ 200ലധികം ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
text_fieldsന്യൂഡൽഹി: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്ന വിവാദ പൗരത്വ ഭേദഗതി നിയമം (സി.എ.എ)നടപ്പാക്കിയതിനെ ചോദ്യം ചെയ്യുന്ന 200-ലധികം ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുന്നത്. കേന്ദ്ര സർക്കാർ ഇറക്കിയ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
മുസ്ലീം ലീഗ്, സി.പി.എം സി.പി.ഐ, ഡി.വൈ.എഫ്.ഐ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരടക്കം നൽകിയ ഹരജികൾ ഇതിൽ ഉൾപ്പെടും. പൗരത്വനിമയം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ട് തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹരജിക്കാര്‍ വാദിക്കുന്നത്.
വിവാദ നിയമത്തിനെതിരെ 2019ൽ ആദ്യമായി സുപ്രീംകോടതിയിലെത്തിയ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗിന്‍റെ അഭിഭാഷകൻ കപിൽ സിബൽ ചട്ടങ്ങൾക്കെതിരെ സമർപ്പിച്ച പുതിയ അപേക്ഷകൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. മതപരമായ വേർതിരിവ് ന്യായമായ വ്യത്യാസങ്ങളില്ലാത്തതും ആർട്ടിക്കിൾ 14 പ്രകാരമുള്ള അവകാശത്തെ ലംഘിക്കുന്നതുമാണെന്നും വാദമുണ്ട്. പൗരത്വത്തിന് അപക്ഷ സ്വീകരിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ പൗരത്വത്തിന് അപേക്ഷിക്കുമെന്ന് കരുതുന്നത് അസമിലാണ്. ആറ് ലക്ഷം പേർ അപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.