എസ്.എന്‍.സി ലാവലിന്‍ കേസിൽ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും
text_fieldsന്യൂഡൽഹി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയുള്ള സി.ബി.ഐ അപ്പീലാണ് കോടതി പരിഗണിക്കുന്നത്.
2017-ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി മാറ്റിവെച്ചത് 35 തവണയാണ്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് സി.ടി രവികുമാര്‍ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. കഴിഞ്ഞ സെപ്റ്റംബറിലും കേസ് പരിഗണനക്ക് എത്തിയെങ്കിലും സി.ബി.ഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു മറ്റൊരു കേസിന്‍റെ തിരക്കിലായതിനാല്‍ കേസ് മാറ്റുകയായിരുന്നു.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. 2017 ആഗസ്റ്റ് 23നാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, മുന്‍ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ. മോഹന ചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ചത്. കുറ്റവിമുക്തരാക്കിയ നടപടിക്ക് എതിരെയുള്ള സി.ബി.ഐയുടെ അപ്പീലും, ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹരജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. പലതവണയായി സി.ബി.ഐ ആവശ്യപ്പെട്ടതിന്‍റെ ഫലമായാണ് കേസ് നീട്ടിവച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.