Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുർമന്ത്രവാദിനിയാണവൾ,...

ദുർമന്ത്രവാദിനിയാണവൾ, കൊല്ലൂ അവളെ...

text_fields
bookmark_border
ദുർമന്ത്രവാദിനിയാണവൾ, കൊല്ലൂ അവളെ...
cancel

പട്ന: ദുർമന്ത്രവാദവും അതേ തുടർന്നുള്ള കൊലകളും ഉത്തരേന്ത്യയിൽ നിന്നുള്ള പുതിയ വാർത്തകളല്ല. എന്നാൽ, ബിഹാറിൽ അടുത്തിടെ നടത്തിയ സർവേ ചൂണ്ടിക്കാണിക്കുന്നത് ദുർമന്ത്രവാദങ്ങളുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകളിൽ ഭൂരിഭാഗവും വിവാഹിതരും കൂട്ടുകുടുംബങ്ങളിൽ താമസിക്കുന്നവരുമാണ് എന്നത്രെ. കുടുംബിനികൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതിന്റെ കാരണമായി സർവേയിൽ കണ്ടെത്തിയതാണ് ഏറ്റവും വിചിത്രം. അവർ കുടുംബത്തിന്റെ നേതൃത്വം വഹിക്കുന്നതും സ്ത്രീകളുടെ വരുമാനത്തിലുള്ള വർധനയുമാണത്രെ ഈ അതിക്രമങ്ങൾക്ക് കാരണം.

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയൂടെ 2000 മുതലുള്ള കണക്കുകൾ പരിശോധിച്ചാണ് നിരന്തർ ട്രസ്റ്റ് എന്ന എൻ.ജി.ഒ റിപ്പോർട്ട് തയാറാക്കിയത്.

2000നു ശേഷം ഇതുവരെ 2,500 സ്ത്രീകളാണ് ദുർമ​ന്ത്രവാദവുമായി ബന്ധപ്പെട്ട അതിക്രമങ്ങളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം നിരന്തർ ബിഹാറിലെ 10 ജില്ലകളിലെ 114 ഗ്രാമങ്ങളിലുള്ള 145 സ്ത്രീകളെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്. മന്ത്രവാദിനികൾ എന്നാരോപിച്ചാണ് ഇവർക്കുനേരേ അതിക്രമങ്ങൾ നടന്നത് എന്ന് റിപ്പോർട്ട് പറയുന്നു.

സർവേയിൽ പങ്കെടുത്ത145 പേരിൽ 121 പേരും മന്ത്രവാദ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അക്രമം നേരിട്ടവരും വിവാഹിതരും ഭർത്താക്കന്മാർക്കും കുട്ടികൾക്കുമൊപ്പം കൂട്ടുകുടുംബങ്ങളിൽ താമസിക്കുന്നവരുമാണ്. ഇതിനർത്ഥം, സർവേയിൽ പങ്കെടുത്ത 83 ശതമാനം സ്ത്രീകളുടെയും അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിൽ വിവാഹം പരാജയപ്പെട്ടു എന്നാണെന്നും ഡിസംബർ ഒമ്പതിന് ന്യൂഡൽഹിയിൽ പ്രകാശിപ്പിച്ച റിപ്പോർട്ടിൽ എടുത്തുപറയുന്നു.

കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്ന സ്ത്രീകൾക്കും നല്ല വരുമാനമുള്ള സ്ത്രീകൾക്കും നേരെയാണ് അപവാദങ്ങൾ കൂടുതലായി പ്രചരിപ്പിക്കുന്നത്. അസൂയയും നീരസവും തന്നെയാണ് ഇത്തരം ചെയ്തികൾക്ക് പ്രധാന കാരണം. അതിനു പുറമെ മോശം ആരോഗ്യം, പോഷകാഹാരക്കുറവ് എന്നിവ മൂലം കുടുംബത്തിലെ കുട്ടികളോ മുതിർന്നവരോ മരിച്ചാലും കന്നുകാലികൾ ചത്താലും അതിന്റെ ഉത്തരവാദിത്തം സ്ത്രീകൾക്കു മേൽ കെട്ടിയേൽപ്പിച്ച് അവരിൽ മന്ത്രവാദം ആരോപിച്ച് ആക്രമിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത 42% സ്ത്രീകളും തങ്ങളുടെ കുടുംബത്തിന്റെ മെച്ചപ്പെട്ട സാമ്പത്തിക നിലയിലുള്ള അസൂയയാണ് ബന്ധുക്കളെയും അയൽക്കാരെയും മന്ത്രവാദം ആരോപിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് എടുത്തു പറയുന്നുണ്ട്.

145 സ്ത്രീകളിൽ 61 പേർ വരുമാന വർധന കാരണമാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയപ്പോൾ 40 പേർ അഭിപ്രായപ്പെട്ടത് തങ്ങളുടെ കുടുംബത്തിലുള്ളവർക്കോ അയൽവാസികൾക്കോ ഉണ്ടായ അസുഖങ്ങളാണ് തങ്ങളെ അക്രമിക്കാൻ കാരണമായതെന്നാണ്. ഗർഭധാരണ ശേഷി നഷ്ടമായി കഴിഞ്ഞ സ്ത്രീകളിൽ മന്ത്രവാദം ആരോപിക്കാനുള്ള സാധ്യത കൂടുതലാണെന്നും സർവേ വ്യക്തമാക്കുന്നു. ഇത്തരം വേട്ടകളിൽ മുന്നിൽ നിൽക്കുന്നത് സ്വന്തം കുടുംബക്കാരാണെന്നും അവർ പറയുന്നു. തൊട്ടുപിന്നിൽ അയൽക്കാരുമുണ്ട്.

78 ശതമാനം സ്ത്രീകളും നിരവധി മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നു. ‘മന്ത്രവാദിനി’ എന്ന് ആരോപിക്കപ്പെടുന്ന സ്ത്രീകൾ സാമ്പത്തിക അതിക്രമം, നിർബന്ധിത മനുഷ്യ മലം ഭക്ഷിക്കൽ, തല മൊട്ടയടിക്കൽ, ലൈംഗികാതിക്രമം തുടങ്ങി കൊലപാതകം വരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക ബഹിഷ്‍കരണവും ഇവർ നേരിടേണ്ടിവരുന്നു.

മന്ത്രവാദിനി വേട്ട ഒരു ദേശീയ വെല്ലുവിളി

ഇഷ്ടമല്ലാത്ത സ്‍ത്രീകൾക്കുമേൽ മന്ത്രവാദ ആരോപണമുന്നയിച്ച് ആക്രമണം നടത്തുന്നതിനെതിരെ ബിഹാർ, അസം, ഛത്തീസ്ഗഡ്, ഝാർഖണ്ട് തുടങ്ങി 12ഓളം സംസ്ഥാനങ്ങളിൽ നിയമങ്ങൾ ഉണ്ട്. എന്നാൽ, ഇത് നാ​ലോ അഞ്ചോ സംസ്ഥാനങ്ങളുടെ മാത്രം പ്രശ്നമല്ലെന്നും ഒരു ദേശീയ പ്രശ്നമായി മാറിയിട്ടുണ്ടെന്നും അഭിഭാഷകനും ജാർഖണ്ഡ് ആസ്ഥാനമായുള്ള എൻ.ജി.ഒ അസോസിയേഷൻ ഫോർ സോഷ്യൽ ആൻഡ് ഹ്യൂമൻ അവയർനസ് (ആഷ) സ്ഥാപകനുമായ അജയ് ജയ്സ്വാൾ പറയുന്നു. നിയമങ്ങൾ ഉള്ള സംസ്ഥാനങ്ങളിലാകട്ടെ അങ്ങനെയൊരു നിയമം ഉണ്ടെന്ന വിവരം പൊലീസിനു പോലും അറിയില്ലെന്ന് ജയ്സ്വാൾ ചൂണ്ടിക്കാണിക്കുന്നു.

‘ഝാർഖണ്ഡിൽ ഒറ്റ രാത്രിയിൽ മന്ത്രവാദത്തിന്റെ പേരിൽ അഞ്ച് സ്ത്രീകൾ കൊല്ലപ്പെട്ട സംഭവമുണ്ടായി. അവരിൽ ഒരാൾ ഒരു ബി.എസ്.എഫ് ജവാന്റെ അമ്മയായിരുന്നു. ഗ്രാമത്തിലെ മദ്യപാനത്തെ എതിർത്തതിനാണ് അവരെ വേട്ടയാടിയത്. ‘മന്ത്രവാദിനി’ എന്ന് മുദ്രകുത്തപ്പെട്ട സ്ത്രീകൾ എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തിലാണ് ക​ഴിയുന്നത്. അർദ്ധരാത്രിയിൽ കൊല്ലപ്പെടുമെന്ന ഭയത്താൽ ഉറങ്ങാൻ കഴിയാത്ത സ്ത്രീകളിൽ നിന്ന് ഞങ്ങൾക്ക് പലപ്പോഴും കോളുകൾ വരാറുണ്ട്.’ ജയ്‌സ്വാൾ പറയുന്നു.

അസമിൽ നിന്നുള്ള സാമൂഹിക പ്രവർത്ത മമോനി സൈക്യ ചൂണ്ടിക്കാണിക്കുന്നത് ഇത്തരം സംഭവങ്ങളുടെ മറ്റൊരു മുഖമാണ്. ‘ഒരു രാത്രി മന്ത്രവാദിനികൾ എന്ന് സംശയിച്ച് മൂന്ന് സ്ത്രീക​ളെ ആൾക്കൂട്ടം കൊലപ്പെടുത്തിയതറിഞ്ഞാണ് ഞാൻ ആ ​ഗ്രാമത്തിൽ എത്തിയത്. ഈ കൊന്ന സ്ത്രീകളുടെ ജീവനെ ആർക്കാണ് തിരികെ കൊണ്ടുവരാനാവുക? എന്ന് ഞാൻ ചോദിച്ചപ്പോൾ ഒരു പയ്യൻ എഴുന്നേറ്റ് നിന്ന് എന്നോട് ചോദിച്ച ചോദ്യം കേട്ട് ഞാൻ ഞെട്ടിപ്പോയി. കഴിഞ്ഞ വർഷം ഈ മന്ത്രവാദിനികൾ കൊന്നുതിന്ന 25 ഗ്രാമവാസികളുടെ ജീവൻ ആരാണ് തിരികെ കൊണ്ടുവരിക.? എന്നായിരുന്നു അയാളുടെ ചോദ്യം. ചെറുപ്പക്കാരിൽ​ പോലും എത്ര ആഴത്തിലാണ് അന്ധവിശ്വാസം പിടിമുറുക്കിയിരിക്കുന്നതെന്ന് അപ്പോൾ എനിക്ക് മനസ്സിലായി..’ മമോനി ചൂണ്ടിക്കാണിക്കുന്നു. മന്ത്രവാദത്തിന്റെ പേരിലെ അക്രമങ്ങളിൽ ജാതിയും വർഗ വിവേചനവും വലിയ പങ്കുവഹിക്കുന്നതായി സർവേ കണ്ടെത്തുന്നു. ദലിത്, പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകളാണ് അക്രമത്തിന് ഇരയാകുന്നതെന്നും സർവേയിൽ എടുത്തുപറയുന്നു.

വനിതാ പഞ്ചായത്ത് അംഗങ്ങൾ പോലും മന്ത്രവാദവുമായി ബന്ധപ്പെട്ട അക്രമത്തിന് ഇരയായതായി ബീഹാറിലെ ബേട്ടിയ ജില്ലയിൽ നിന്നുള്ള സാമൂഹ്യ ​പ്രവർത്തക ലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. ‘ഈ സർവേ എളുപ്പമായിരുന്നില്ല. സ്ത്രീകൾ തങ്ങൾക്കുണ്ടായ ദുരനുഭവം ഞങ്ങളോട് വിവരിച്ച് പൊട്ടിക്കരയുമായിരുന്നു. തെരുവിൽ നഗ്നരായി പരേഡ് ചെയ്യിച്ചതിന്റെയും ബലമായി മൊട്ടയടിച്ചതിന്റെയും മലം തീറ്റിച്ചതിന്റെയും മർദിച്ചതിന്റെയും കഥകൾ കേട്ട് ഞങ്ങൾ പോലും തകർന്നുപോയിട്ടുണ്ട്. പലരും ഭയന്ന് സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല.’ ലക്ഷ്മി തന്റെ അനുഭവം വിവരിക്കുന്നു.

ഈ ദുരന്തം അവസാനിപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ സമിതികൾ രൂപവത്കരിക്കണമെന്നും മന്ത്രവാദിനി വേട്ടയ്‌ക്കെതിരായ നിയമങ്ങൾ കൂടുതൽ ഫലപ്രദമാക്കണമെന്നും ബോധവത്കരണ കാമ്പയിനുകൾ ശക്തമാക്കണമെന്നും സ്ത്രീകൾക്കായി പ്രത്യേക ഹെൽപ്​ലൈൻ സ്ഥാപിക്കണമെന്നും നിരന്തർ ട്രസ്റ്റ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

(കടപ്പാട്: ദ വയർ.കോം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violence against womenIndian womenIndia WomenWitch Hunting
News Summary - The Survey Report reveal Married Women Living With Families Biggest Victims of Witch-Hunting in North India
Next Story